അസ്താന:മധ്യേഷ്യയിലെ കാർഷിക സാധ്യതകളുള്ള കസാക്കിസ്ഥാനും യുഎഇ ആസ്ഥാനമായ ലുലു ഗ്രൂപ്പും ചേർന്ന് ഭക്ഷ്യസംസ്കരണ-കയറ്റുമതി മേഖലയിൽ പുതുചുവടുവെക്കുന്നു. കസാക്കിസ്ഥാൻ പ്രധാനമന്ത്രി ഓൾജാസ് ബെക്റ്റനോവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി നടത്തിയ കൂടിക്കാഴ്ചയിൽ പുതിയ പദ്ധതികൾക്ക് രൂപം നൽകി. രാജ്യത്തെ കാർഷികോത്പ്പന്നങ്ങൾക്ക് വിപുലമായ വിപണിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതികളാണ് ഇരുവരും ചര്‍ച്ച ചെയ്തത്.
കസാക്കിസ്ഥാൻ കാർഷികോത്പ്പന്നങ്ങൾക്ക് പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെ അഗ്രോ ടെക്‌നോപാർക്കും ലോജിസ്റ്റിക് ഹബ്ബും ഉൾപ്പെടുന്ന ഭക്ഷ്യസംസ്കരണ-കയറ്റുമതി കേന്ദ്രവും ഒരുക്കാൻ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നു. ഇതിലൂടെ പ്രാദേശിക ഉത്പന്നങ്ങൾ സംഭരിച്ച് മിഡിൽ ഈസ്റ്റുൾപ്പെടെ വിപുലമായ വിപണികളിലേക്ക് എത്തിക്കാനാണ് ലക്ഷ്യം. നിലവിൽ കസാക്കിസ്ഥാനിൽ നിന്നുള്ള മാംസോത്പ്പന്നങ്ങളും കാർഷിക വിഭവങ്ങളും ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നുണ്ട്.

കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവിന്റെ നിർദേശപ്രകാരം സർക്കാരിന്റെ മുഴുവൻ പിന്തുണയും ഈ പദ്ധതികൾക്ക് ലഭിക്കുമെന്ന് പ്രധാനമന്ത്രി ബെക്റ്റനോവ് ഉറപ്പുനൽകി. ഇപ്പോൾ 70ലധികം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കസാക്കിസ്ഥാൻ, ഉത്പാദന ശേഷി വർധിപ്പിച്ച് കയറ്റുമതി ഇരട്ടിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ സഹകരണം.അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ കഴിഞ്ഞ മെയ് മാസത്തിൽ കസാക്കിസ്ഥാൻ സന്ദർശനത്തിനിടെ യൂസഫ് അലി നടത്തിയ പ്രാരംഭ ചർച്ചകൾക്ക് തുടർച്ചയായാണ് ഈ നീക്കം. കസാക്കിസ്ഥാൻ വ്യാപാര മന്ത്രി അർമ്മാൻ ഷക്കലെവ്, ഇന്ത്യൻ സ്ഥാനപതി വൈ.കെ സൈലാസ് തങ്കൽ, അൽ തയിബ് ഫുഡ് ഇൻഡസ്ട്രീസ് ഡയറക്ടർ റിയാദ് ജബ്ബാർ, ഫെയർ എക്‌സ്‌പോർട്സ് ഇന്ത്യ സിഇഒ നജിമുദ്ദീൻ ഇബ്രാഹിം എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരും വിവിധ കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.