ദുബായ്:ആവേശം നിറച്ച ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിന് മുന്നോടിയായി ദുബായ് രാജ്യാന്തര സ്റ്റേഡിയം കടുത്ത സുരക്ഷാ ഒരുക്കങ്ങളിലൂടെയാണ്. നാളെ (ഞായർ) വൈകിട്ട് യുഎഇ സമയം 6.30ന് ആരംഭിക്കുന്ന മത്സരത്തിന് പതിനായിരക്കണക്കിന് ആരാധകർ എത്തുമെന്നാണ് പ്രതീക്ഷ. സ്റ്റേഡിയം പ്രവേശനം മത്സരം തുടങ്ങുന്നതിനും മൂന്ന് മണിക്കൂർ മുൻപ് ആരംഭിക്കും. പ്രവേശനത്തിന് സാധുവായ ടിക്കറ്റുകൾ നിർബന്ധമാണെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ദുബായ് പൊലീസ് അറിയിച്ചു.
ആരാധകരുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനും ദുബായ് പൊലീസിലെ മേജർ ജനറലുമായ സെയ്ഫ് മഹ്‌റൂഫ് അൽ മസ്‌റൂഇ നേതൃത്വത്തിൽ പ്രത്യേക മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കി. അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഒരിക്കൽ സ്റ്റേഡിയത്തിൽ പ്രവേശിച്ചാൽ പുറത്തുപോയി വീണ്ടും പ്രവേശിക്കുന്നത് അനുവദിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
മത്സരവുമായി ബന്ധപ്പെട്ട് നിരോധിത വസ്തുക്കളുടെ പട്ടികയും പൊലീസ് പ്രസിദ്ധീകരിച്ചു. റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ, വളർത്തുമൃഗങ്ങൾ, വിഷമുള്ളതോ നിയമവിരുദ്ധമോ ആയ പദാർഥങ്ങൾ, പവർ ബാങ്കുകൾ, പടക്കങ്ങൾ, ലേസർ പോയിന്ററുകൾ, ഗ്ലാസ് വസ്തുക്കൾ, സെൽഫി സ്റ്റിക്കുകൾ, കുടകൾ, മൂർച്ചയുള്ള വസ്തുക്കൾ, പുകവലി ഉൽപ്പന്നങ്ങൾ, പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ, കൊടികളും ബാനറുകളും ഉൾപ്പെടെയുള്ളവ സ്റ്റേഡിയത്തിനകത്ത് കടത്താൻ പാടില്ല.
നിയമലംഘകരെതിരെ കർശന ശിക്ഷാനടപടികളും പിഴകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റില്ലാതെ പ്രവേശിക്കുക, പടക്കം കൊണ്ടുപോകുക, മറ്റുള്ളവരെ അധിക്ഷേപിക്കുക, കളിക്കളത്തിലേക്കോ കാണികളുടെ ഇടയിലേക്കോ വസ്തുക്കൾ വലിച്ചെറിയുക, വംശീയ അധിക്ഷേപം നടത്തുക തുടങ്ങിയ പ്രവൃത്തികൾക്ക് 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും ഒരു മാസം മുതൽ മൂന്ന് മാസം വരെ തടവും ലഭിക്കും.ഇന്ത്യ–പാക്കിസ്ഥാൻ താരങ്ങൾ ആവേശം പകർന്നുകൊണ്ട് കളിക്കളത്തിൽ തിളങ്ങുമ്പോൾ ആരാധകർ നിയമങ്ങൾ പാലിച്ച് കായിക മനോഭാവം നിലനിർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.