ദുബായ്:യുഎഇയിൽ പണമിടപാടുകളുടെ വേഗത്തിലുള്ള ഡിജിറ്റൽ പരിവർത്തനം ബാങ്കിങ് രംഗത്തെ വലിയ മാറ്റങ്ങളിലേക്ക് നയിക്കുകയാണ്. ബാങ്ക് ശാഖകൾ അടച്ചുപൂട്ടപ്പെടുന്നതോടെ ആയിരക്കണക്കിന് പ്രവാസി മലയാളികൾ അടക്കം ഉപഭോക്താക്കൾക്ക് ആശങ്കയുണ്ടാകുന്ന സാഹചര്യമാണിത്. ഈ വർഷം ഇതിനകം ദേശീയ ബാങ്കുകളുടെ 38 ശാഖകൾ പൂട്ടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ശാഖകളുടെ എണ്ണത്തിൽ 8 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ ദേശീയ ബാങ്ക് ശാഖകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 482ൽ നിന്ന് 444 ആയി കുറഞ്ഞു. വിദേശ ബാങ്കുകളുടെ ശാഖകളിലും ഇടിവ് അനുഭവപ്പെട്ടിട്ടുണ്ട്; 21 വിദേശ ബാങ്കുകൾക്ക് 72 ശാഖകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് 66 ആയി ചുരുങ്ങിയിരിക്കുകയാണ്. എന്നാൽ ഗൾഫ് ബാങ്കുകളുടെ എണ്ണത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. ഏഴ് ഗൾഫ് ബാങ്കുകളും ഒരു ബിസിനസ് ബാങ്കും ചേർന്ന് രാജ്യത്ത് ആറ് ശാഖകളുമായി പ്രവർത്തിക്കുന്നു.
ഫോണിലൂടെ പണമിടപാടുകൾ നടത്താനാവുന്ന സംവിധാനങ്ങൾ വ്യാപകമായതോടെ ബാങ്കുകളിൽ നേരിട്ട് പോകേണ്ട സാഹചര്യം കുറഞ്ഞിരിക്കുകയാണ്. ഇത് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെയും വരുമാനത്തിലും ഇടിവുണ്ടാക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം 74 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നതിൽ ഇപ്പോൾ 69 മാത്രമേ നിലനിൽക്കുന്നുള്ളൂ. ബാങ്ക് ശാഖകൾ കുറയുമ്പോഴും എടിഎം കൗണ്ടറുകളുടെ എണ്ണം വർദ്ധിച്ചു; കഴിഞ്ഞ വർഷത്തെ 4,659 മെഷീനുകൾക്ക് പകരം ഈ വർഷം 4,831 ആയി ഉയർന്നതായി കണക്കുകൾ പറയുന്നു.