ദുബായ് : സിബിഎസ്ഇക്ക് അന്താരാഷ്ട്ര ബോർഡ് നിലവിൽവരുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഎസ്ഇ യുഎഇയിൽ ഉൾപ്പെടെ ആഗോളതലത്തിൽ സ്കൂളുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. സിബിഎസ്ഇ സിലബസിന്റെ വർധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണിത്.
യുഎഇയിൽ കൂടുതൽ ഇന്ത്യൻ സിലബസ് സ്കൂളുകൾ തുറക്കാൻ യുഎഇ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ വംശജരായ മുഴുവൻ വിദ്യാർഥികളെയും ‘ആപാറി’നു കീഴിൽ കൊണ്ടുവരും. യുഎഇയിലെ 109 ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകരുമായും പ്രിൻസിപ്പൽമാരുമായും സംവദിക്കാനായത് മികച്ച അനുഭവമാണ്. 12 സ്കൂളുകൾ അടൽ ടിങ്കറിങ് ലാബ് (എടിഎൽ) പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കോൺസുലേറ്റിൽനടന്ന അധ്യാപകദിനാഘോഷത്തിലും മന്ത്രി പങ്കെടുത്തു.