അബുദാബി : യുഎഇയിലെ ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകൾ വികസിപ്പിക്കാനും യുഎഇ-ഇന്ത്യ വിദ്യാർഥി കൈമാറ്റം സാധ്യമാക്കാനുമായി സാഹചര്യങ്ങളൊരുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അബുദാബിയിൽ വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) ചെയർപേഴ്സൺ സാറാ മുസല്ലമുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്.ഇന്ത്യൻ സിലബസിനെ അടിസ്ഥാനമാക്കി യുഎഇയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിൽപ്പോയി പഠനരീതികൾ മനസ്സിലാക്കാനും സമാനമായി ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യുഎഇയിലെത്തി പഠനം നടത്തി ഇവിടത്തെ രീതി മനസ്സിലാക്കാനും ഉതകുംവിധം ദ്വിമുഖസംവിധാനമാണ് ഒരുക്കുന്നത്.
ഐഐടി അബുദാബി കാംപസ് ആരംഭിക്കുന്നതിന് പിന്തുണ നൽകിയതിലും യുഎഇയിലെ ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകൾക്ക് നൽകുന്ന സഹകരണത്തിനും കേന്ദ്രം അഡെകിനു നന്ദി പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ വർധിച്ചുവരുന്ന പഠനാവശ്യങ്ങൾക്കായി കൂടുതൽ ഇന്ത്യൻ സ്കൂളുകൾ യുഎഇയിൽ ആരംഭിക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്തു. വിദ്യാഭ്യാസമേഖലയിൽ കൂടുതൽ സഹകരണം വേണമെന്ന അഭ്യർഥനയും മന്ത്രി ധർമേന്ദ്ര പ്രധാൻ അഡെകുമായുള്ള ചർച്ചയിൽ മുന്നോട്ടുവെച്ചു.
യുഎഇയിൽ കൂടുതൽ ഇന്ത്യൻ സ്കൂളുകൾ ആരംഭിക്കുന്നതിന് പ്രവാസി ഇന്ത്യക്കാരുടെ സമ്മർദവുമുണ്ട്. ഇന്ത്യൻ വിദ്യാർഥികളുടെ സർഗാത്മകതയും നവീകരണവും ലക്ഷ്യമാക്കി കൂടുതൽ പദ്ധതികളും നിലവിലെ ഇന്ത്യൻ സ്കൂളുകളിൽ കേന്ദ്രം നടപ്പാക്കും. വിദ്യാഭ്യാസസഹകരണം ശക്തിപ്പെടുത്താനായി അഡെക് കാണിക്കുന്ന സന്നദ്ധതയെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു.