ദുബായ് :പുതിയ തലമുറയുടെ സിനിമ അഭിരുചി വേറെയാണെന്ന് നടൻ ആസിഫലി. അഭിനേതാക്കൾ പക്ഷേ, അവർക്ക് വരുന്ന സിനിമകൾ തിരഞ്ഞെടുക്കുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ മാത്രം എടുക്കാൻ ആർക്കും സാധിക്കില്ലെന്നും ജിത്തു ജോസഫ് സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ ‘മിറാഷി’ന്റെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

തന്റെ കരിയറിലെ ഏറ്റവും അഭിമാനം കൊള്ളുന്ന 2024-25 വർഷങ്ങളിൽ പുറത്തിറങ്ങിയ തന്റെ ഒരൊറ്റ ചിത്രം പോലും മക്കൾക്ക് ഇഷ്ടപ്പെട്ടിട്ടില്ലന്നും അദ്ദേഹത്തെ പറഞ്ഞു.ഏതൊരു ഭാഷയിലെ സിനിമകളോടും മത്സരിക്കാവുന്ന മികച്ച ചിത്രങ്ങളാണ് മലയാളത്തിലുണ്ടാകുന്നതെന്നും ആസിഫ് അലി പറഞ്ഞുത്രില്ലർ ചിത്രങ്ങളിൽ മാത്രം അഭിനയിക്കുന്നു എന്നത് എന്റെ മാത്രം പ്രത്യേകതയല്ല. മലയാളത്തിലെ അഭിനേതാക്കൾ ഒരിക്കലും ചിത്രത്തിലെ തന്റെ കഥാപാത്രം, ഹീറോയിസം തുടങ്ങിയവ നോക്കിയൊന്നുമല്ല അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം, ഉദ്ദേശ്യം, ഭംഗി തുടങ്ങി എല്ലാ വശവും അവർ ശ്രദ്ധിക്കുന്നു. ഹിറ്റുകളൊന്നും നൽകാതെ നിൽക്കുന്ന സമയത്താണ് ജിത്തു ജോസഫ് എന്നെ കൂമൻ എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചത്. ഇന്ത്യയിലെ ഏതൊരു നടനും അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ കൊതിക്കുമ്പോൾ എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തു എന്ന് ചോദിച്ചപ്പോൾ, കൂമനിലെ കഥാപാത്രത്തിന് ഏറ്റവും യോജിച്ച നടൻ ആസിഫാണെന്ന് തോന്നി എന്നായിരുന്നു മറുപടി.

സിനിമയിലെ കോടിക്കണക്കുകളുടെ മത്സരത്തിൽ വലിയ താത്പര്യമില്ലെന്നും, എന്നാൽ 100 കോടിയൊക്കെ ലഭിച്ചാൽ സന്തോഷിക്കുമെന്നും സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു . നേരത്തെ ബോളിവുഡിൽ മാത്രം കേട്ടിരുന്ന കണക്കാണ് കോടികളുടേത്. ദൃശ്യം 50 കോടി ക്ലബിലെത്തിയെന്ന് കേട്ടപ്പോൾ പേടിയായിരുന്നു. കോടികൾ ഉദ്ദേശിച്ച് ചെയ്യുന്ന സിനിമ തിയറ്റർ എക്സ്പീരിയൻസ് ലഭിക്കുന്നതായിരിക്കും. പക്ഷേ, അത് ഒടിടിയിൽ വരുമ്പോൾ സ്വീകരിച്ചെന്ന് വരില്ല. ചില സിനിമകൾ കാണുമ്പോൾ പല പ്രേക്ഷകരും ഇത് ഒടിടിയിൽ കാണാവുന്ന ചിത്രമാണെന്ന് തീരുമാനിക്കുന്ന പ്രവണതയുണ്ട്.

മമ്മൂട്ടിയെ കൊതിപ്പിക്കുന്ന ഒരു കഥയ്ക്കായി താൻ കാത്തിരിക്കുകയാണെന്ന് ജീത്തു ജോസഫ് പറഞ്ഞു. നേരത്തെ മെമറീസ്, ദൃശ്യം, പിന്നീട് ഹിന്ദിയിൽ കുറേ മാറ്റങ്ങളോടെ സംവിധാനം ചെയ്ത ദ് ബോഡി തുടങ്ങിയ ചിത്രങ്ങളുടെ കഥകൾ മമ്മൂക്കയോട് പറഞ്ഞിരുന്നു. ദൃശ്യം അദ്ദേഹത്തിന് ഇഷ്ടമായെങ്കിലും ആ കാലയളവിൽ കുറേ അച്ഛൻ കഥാപാത്രങ്ങൾ ചെയ്തതിനാൽ രണ്ട് മൂന്ന് വർഷം കഴിഞ്ഞ് നോക്കാമെന്ന് പറഞ്ഞു.ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ മിറാഷിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.
