ദുബായ് : യുഎഇയിൽ കൊടും ചൂടിന് അൽപം ശമനമായതോടെ ഉച്ചവിശ്രമ നിയമം നാളെ അവസാനിക്കും. ചൊവ്വാഴ്ച മുതൽ പഴയ ജോലി സമയം (രാവിലെ 8 മുതൽ വൈകിട്ട് 5 വരെ) പുനഃസ്ഥാപിക്കും. ജൂൺ 15ന് ആരംഭിച്ച് നാളെ അവസാനിക്കുന്ന ഉച്ചവിശ്രമത്തിൽ ഉച്ചയ്ക്ക്12.30 മുതൽ3 വരെയാണ് വിശ്രമം നൽകിവരുന്നത്.കടുത്ത ചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കാനുള്ള ഉച്ചവിശ്രമം ജൂൺ 15 മുതൽ 3 മാസത്തേക്കായിരുന്നു നൽകിയിരുന്നത്. ഈ കാലയളവിൽ രാവിലെയും രാത്രിയുമായിട്ടായിരുന്നു ജോലി പുനഃക്രമീകരിച്ചിരുന്നത്. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും മധ്യാഹ്ന ഇടവേള നാളെ അവസാനിക്കും. മറ്റു ജിസിസി രാജ്യങ്ങളിൽ ഈ മാസം 30നാണ് അവസാനിക്കുക.

സൂര്യപ്രകാശം നേരിട്ട് ഏൽക്കും വിധം തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കു മാത്രമാണ് ഉച്ചയ്ക്ക് ഇടവേള നൽകിവരുന്നത്. ആഗോള തൊഴിൽ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സുരക്ഷിത തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. യുഎഇ തുടർച്ചയായി 21ാം വർഷമാണ് ഉച്ചവിശ്രമം നൽകിവരുന്നത്.

കടുത്ത വേനലിൽ സൂര്യാഘാതവുമായി ബന്ധപ്പെട്ട രോഗങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും തൊഴിലാളികളെ രക്ഷിക്കുകയാണ് ലക്ഷ്യം. ജോലിക്കിടയിലും വിശ്രമ സമയത്തും ശുദ്ധജലം ഉൾപ്പെടെ തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങളും കമ്പനികൾ ഒരുക്കിയിരുന്നു.2022ൽ 99% കമ്പനികളും 2023ൽ 99.9% സ്ഥാപനങ്ങളും നിയമം പാലിച്ചതായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിച്ച കമ്പനികൾക്ക് ആളൊന്നിന് 5000 ദിർഹം എന്ന തോതിൽ പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കുകയും ചെയ്തു. നിയമ ലംഘം ആവർത്തിക്കുന്നവർക്ക് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.