ദുബായ്:ലോക സംസ്കാരങ്ങളുടെ സംഗമകേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജ് 30-ാം സീസണിന്റെ തീയതികൾ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 15 മുതൽ 2026 മെയ് 10 വരെ നടക്കുന്ന പുതിയ സീസണിൽ സന്ദർശകർക്കായി പുതുമകളും പ്രത്യേക പരിപാടികളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.വെടിക്കെട്ടുകൾ, ക്രിസ്തുമസ് ആഘോഷങ്ങൾ, പുതുവത്സര പരിപാടികൾ, കരിമരുന്ന് പ്രയോഗങ്ങൾ, ലോകതലത്തിലുള്ള കലാപരിപാടികൾ, വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ തുടങ്ങി വൈവിധ്യമാർന്ന അനുഭവങ്ങൾ ഇത്തവണയും പ്രതീക്ഷിക്കാം. കോടിക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഗ്ലോബൽ വില്ലേജ് ദുബായിലെ വിനോദസഞ്ചാര രംഗത്തിന് വലിയ സംഭാവന ചെയ്യുന്നു.ഈ സീസണിലെ ടിക്കറ്റ് നിരക്കുകൾ ഒക്ടോബറിൽ പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിൽ പ്രവേശന നിരക്ക് 25 മുതൽ 30 ദിർഹം വരെയായിരുന്നു. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും സൗജന്യ പ്രവേശനം തുടരും.