തിരുവനന്തപുരം: മിൽമ പാൽ വില ഉടൻ വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. ജിഎസ്ടി കുറച്ച സാഹചര്യത്തിൽ വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വിദഗ്ധ സമിതിയുടെ ശുപാർശയനുസരിച്ചാണ് മിൽമ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.2026 ജനുവരി മുതൽ പാലിന്റെ വില കൂട്ടണമെന്നായിരുന്നു സമിതിയുടെ ശുപാർശ. എറണാകുളം മേഖലയൊഴികെ മറ്റു രണ്ടു മേഖലകളിലും ഇപ്പോൾ വില വർധന വേണ്ടെന്നാണ് സമിതിയുടെ നിലപാട്. ഭൂരിപക്ഷ തീരുമാനത്തോട് യോജിച്ച്, ജനങ്ങൾക്ക് ഭാരമാകാത്ത ഒരു സമീപനം സ്വീകരിക്കാൻ മിൽമ തീരുമാനിക്കുകയായിരുന്നു. വിലക്കയറ്റം സാധാരണ ജീവിതത്തെ സാരമായി ബാധിക്കുന്ന ഇക്കാലത്ത്, ഈ പ്രഖ്യാപനം വലിയ ആശ്വാസമാണ് നൽകുന്നത്.