ദുബായ്: ദീർഘകാലമായി യു.എ.ഇയിലെ മാധ്യമരംഗത്ത് പ്രവർത്തിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ സീനിയർ ക്യാമറാമാൻ ആർ.പി. കൃഷ്ണ പ്രസാദ് ദുബായിൽ നിന്ന് യാത്ര തിരിക്കുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ആദരം നൽകി ഇന്ത്യൻ മാധ്യമപ്രവർത്തകരുടെയും KUWJ ദുബായ് ഘടകത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയപ്പ് സംഗമം സൗഹൃദത്തിന്റെയും മാധ്യമ ഐക്യത്തിന്റെയും വേദിയായി മാറി.വിവിധ മാധ്യമ പ്രവർത്തകരും സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

KUWJ പ്രസിഡണ്ട് മിന്റു പി. ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംസിഎ നാസർ, എൽവിസ് ചുമ്മാർ, ഷിനോജ് ഷംസുദ്ധീൻ, പ്രമേദ് ബി കുട്ടി, സഹൽ സി. മുഹമ്മദ്, അഞ്ജു ശശിധരൻ, ശ്രീരാജ് കൈമൾ, സുരേഷ് വെള്ളിമറ്റം, മനാഫ്, ഹനീഫ, ഷിൻസ് സെബാസ്റ്റ്യൻ, അരുണ്‍ പാറാട്ട്, അനുഭവ സമ്പന്നരായ മറ്റ് മാധ്യമപ്രവർത്തകർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർ കൃഷ്ണ പ്രസാദിന്റെ പ്രവർത്തനശൈലിയും മാധ്യമ മേഖലയിലെ സമർപ്പണവും പ്രശംസിച്ചു.

ഐ എം എഫ്, KUWJ, കാമറ പേഴ്സൺസ് കൂട്ടായ്മ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കൃഷ്ണ പ്രസാദിന് വിവിധ ഉപഹാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ വനിതാ വിനോദ് സ്വാഗതവും റോയ് റാഫേൽ നന്ദിയും അറിയിച്ചു. മറുപടി പ്രസംഗത്തിൽ കൃഷ്ണ പ്രസാദ് യു.എ.ഇയിലെ മാധ്യമരംഗത്ത് നിന്നുള്ള അനുഭവങ്ങൾ പങ്കുവെച്ച് സഹപ്രവർത്തകർക്ക് നന്ദിയും അറിയിച്ചു.