ഷാർജ : സംസാരിക്കുന്നതിനും പ്രവർത്തിക്കുന്നതിനും മുൻപ് ചിന്തിക്കണമെന്നും ഭൂമിയെ മികച്ചതാക്കാനാണ് ദൈവം നമ്മളെ സൃഷ്ടിച്ചതെന്നും, അതിനെ നശിപ്പിക്കാനല്ലെന്നും യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ അൽ ഖാസിമി. ഷാർജ റേഡിയോയിൽ പ്രക്ഷേപണവും ടെലിവിഷനിൽ സംപ്രേഷണവും ചെയ്യുന്ന ‘അൽ ഖത്ത് അൽ-മുബാഷിർ’ പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമൂഹിക പുരോഗതിയുടെ പ്രാധാന്യത്തെക്കുറിച്ചും ഷെയ്ഖ് ഡോ. സുൽത്താൻ അൽ ഖാസിമി സംസാരിച്ചു. വികസനം പല തലങ്ങളിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക പുരോഗതിയാണ്. ജനങ്ങൾ വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും മതത്തെയും ധാർമികതയെയും സ്വീകരിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. എല്ലാവപ്പോഴും പ്രാർഥനയിൽ ഉറച്ചുനിൽക്കാനും ഖുർആന്റെ ഭാഷ ഉയർത്തിപ്പിടിക്കാനും നിസ്സാര കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാവരെയും വായിക്കാനും മതപരമായും ഭാഷാപരമായും സ്വയം വിദ്യാഭ്യാസം നേടാനും വിവിധ മേഖലകളിലെ അറിവ് നേടാനും പ്രോത്സാഹിപ്പിച്ചു. ഈ കാര്യങ്ങൾ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും കെട്ടിപ്പടുക്കും.ഷെയ്ഖ് ഡോ. സുൽത്താൻ തന്റെ ഏറ്റവും മികച്ച കൃതി എന്ന് വിശേഷിപ്പിച്ച പുതിയ ചരിത്രഗ്രന്ഥം പ്രകാശനത്തിനൊരുങ്ങുന്ന വിവരവും പങ്കുവച്ചു.
നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 44-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ‘അറബിക് എൻസൈക്ലോപീഡിയ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ചരിത്ര പദ്ധതി, അറബ് ലോകത്തിന് സമർപ്പിക്കുന്ന ഒന്നാണ്. 550 ബിസിഇ മുതലുള്ള ചരിത്രസംഭവങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ മുൻ പ്രസിദ്ധീകരണമായ അഞ്ച് ഭാഗങ്ങളുള്ള ‘ഹിസ്റ്ററി ഓഫ് അൽ ഖാസിം’ എന്ന പുസ്തകത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഹിജ്റ 1-ാം വർഷം (622 എഡി) മുതൽ 1240 എഎച്ച് (1825 എഡി) വരെയുള്ള 13 നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ 51 വാല്യങ്ങളുള്ള കൃതിയിൽ അറേബ്യൻ ഉപദ്വീപിന്റെയും പേർഷ്യയുടെയും പൂർണമായ ചരിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഡച്ച്, ബ്രിട്ടിഷ്, ഫ്രഞ്ച്, അപൂർവ്വ ഓട്ടോമൻ രേഖകൾ എന്നിവ ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇസ്താംബൂളിലെ ആർക്കൈവൽ സെന്ററുകളിൽ നിന്ന് ഉൾപ്പെടെ നിരവധി വിവരങ്ങളാണ് ശേഖരിച്ചത്. ഈ രേഖകൾ ഏതൊരു ഗവേഷകനും ഒരു പ്രധാന റഫറൻസായി ഉപയോഗിക്കാൻ കഴിയുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ അന്തിമ അവലോകന ഘട്ടത്തിലാണെന്നും അടുത്ത 90 ദിവസത്തിനുള്ളിൽ 51 വാല്യങ്ങളും വായിച്ച് പൂർത്തിയാക്കാൻ പദ്ധതിയിടുന്നതായും ഷെയ്ഖ് ഡോ. സുൽത്താൻ അൽ ഖാസിമി അറിയിച്ചു. ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും വ്യക്തവും ചിട്ടയായതും കൃത്യവുമായ വിവരങ്ങൾ നൽകുന്ന അതുല്യമായ ഒരു വിഭവമാണ് ഈ പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച ഷെയ്ഖ് ഡോ. സുൽത്താൻ അൽ ഖാസിമി താൻ ഇപ്പോൾ അറബ് ലോകത്തിന് സേവനം ചെയ്യുന്ന ഒരു പുതിയ ചരിത്ര പദ്ധതിയിൽ പ്രവർത്തിക്കുകയാണെന്ന് അറിയിച്ചു. 550 ബിസി മുതൽ രേഖപ്പെടുത്തിയ സംഭവങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ‘അറബിക് എൻസൈക്ലോപീഡിയ’ അറബ് രാഷ്ട്രങ്ങളെക്കുറിച്ച് എഴുതപ്പെട്ട എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്നതാണ്.