അബുദാബി:യുഎഇയിലെ എൻവൈയൂ അബുദാബി (NYUAD)യിലെ ശാസ്ത്രജ്ഞർ നാല് ദിവസം മുൻകൂട്ടി സൂര്യൻ്റെ അപകടകരമായ സൗര കാറ്റുകൾ പ്രവചിക്കാൻ കഴിയുന്ന എഐ മാതൃക വികസിപ്പിച്ചു. ദി ആസ്ട്രോഫിസിക്കൽ ജേണൽ സപ്ലിമെന്റ് സീരീസ് പ്രസിദ്ധീകരിച്ച പഠനം ഉപഗ്രഹങ്ങളും വൈദ്യുതി സംവിധാനങ്ങളും നാവിഗേഷൻ സംവിധാനങ്ങളും സംരക്ഷിക്കാൻ സഹായകമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററിയിൽ നിന്നുള്ള ഉയർന്ന റെസല്യൂഷൻ അൾട്രാവയലറ്റ് (UV) ചിത്രങ്ങളും സൗര കാറ്റിന്റെ ചരിത്രവിവരങ്ങളും ചേർത്താണ് എഐ മോഡൽ പരിശീലിപ്പിച്ചത്. ഇതോടെ നിലവിലെ രീതികളേക്കാൾ 45% അധികവും മുൻ എഐ മോഡലുകളേക്കാൾ 20% മെച്ചപ്പെട്ടതുമായ കൃത്യത കൈവരിച്ചു.“എഐയും സൂര്യ നിരീക്ഷണങ്ങളും ചേർന്നാൽ നേരത്തെയുള്ള മുന്നറിയിപ്പുകൾ നൽകാൻ കഴിയും,” എന്ന് ഗവേഷണ സംഘനേതാവ് ദത്തരാജ് ധൂരി പറഞ്ഞു. ഭൂമിയിലും ബഹിരാകാശത്തും നിർണായക സാങ്കേതിക സംവിധാനങ്ങളെ സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷയും ഉയരുന്നു.