ദുബായ്:ജീവനക്കാരിൽ ആരോഗ്യകരമായ ജീവിതശൈലിയും കായിക മനോഭാവവും പ്രോത്സാഹിപ്പിക്കാൻ ജി.ഡി.ആർ.എഫ്.എ ദുബായ് ആദ്യമായി വെർച്വൽ സൈക്കിളിങ് റേസ് നടത്തി. മൈഹൂഷു (MyWhoosh) പ്ലാറ്റ്‌ഫോമിന്റെ സഹകരണത്തോടെയാണ് മത്സരം നടന്നത്. ജനറൽ ഡയറക്ടറേറ്റിന്റെ മുഖ്യ കാര്യാലയത്തിലെ മത്സരങ്ങൾക്ക് ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയും മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും നേതൃത്വം നൽകി.

വെർച്വൽ റിയാലിറ്റി വഴിയുള്ള സൈക്ലിങ് മത്സരത്തിൽ ജീവനക്കാർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന അനുഭവം ലഭിച്ചു. ശാരീരിക ക്ഷമതയും സൗഹൃദ മത്സരാഭാവവും മാനസിക ഉല്ലാസവും വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഭാവിയിലും ഇത്തരത്തിലുള്ള പുതുമയാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ അറിയിച്ചു.