ദുബായ്: പ്രളയത്തെ തുടർന്നുള്ള ദുരന്തങ്ങളെ നേരിടാൻ സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ‘സ്വിഫ്റ്റ്‌വാട്ടർ റെസ്‌ക്യൂ’ എന്ന പേരിൽ ദുബായ് പൊലീസ് പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമിട്ടു. വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും പ്രവർത്തന രീതികളും ഉൾക്കൊള്ളിച്ചുള്ള ഈ അഞ്ചു ദിവസത്തെ പരിശീലനം എമിറേറ്റ്സ് ഫൗണ്ടേഷൻ, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ്, ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ദുബായ് പൊലീസിൻ്റെ പ്രതിബദ്ധത ഈ സംരംഭം വ്യക്തമാക്കുന്നു.

എമിറേറ്റ്സ് ഫൗണ്ടേഷന്റെ ‘സാനിദ്’ പ്രോഗ്രാമിൽ നിന്നുള്ള 17 സന്നദ്ധപ്രവർത്തകരാണ് ഈ പരിശീലനത്തിൽ പങ്കെടുത്തത്. ദുബായ് പൊലീസിൻ്റെ മറൈൻ റെസ്‌ക്യൂ വിഭാഗം മേധാവി ക്യാപ്റ്റൻ മർവാൻ അൽ കാബിയുടെ നേതൃത്വത്തിൽ നടന്ന ഈ പരിശീലനത്തിൽ, പ്രളയരക്ഷാപ്രവർത്തനത്തിലെ ഏറ്റവും പുതിയ രീതികൾ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതെങ്ങനെ, അപകടസാധ്യതകൾ കുറച്ച് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അറിവ് നൽകി. യഥാർത്ഥ പ്രളയ സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടുള്ള പരിശീലനവും ഇതിന്റെ ഭാഗമായി നടന്നു, ഇത് സന്നദ്ധപ്രവർത്തകർക്ക് നിർണായകമായ അനുഭവപരിചയം നൽകി. സാനിദ് സന്നദ്ധപ്രവർത്തകർക്ക് ഈ മേഖലയിൽ ലഭിക്കുന്ന ആദ്യത്തെ പരിശീലനമാണിത്.

ദുരന്തസമയങ്ങളിൽ പൊലീസിനും മറ്റ് രക്ഷാപ്രവർത്തന യൂണിറ്റുകൾക്കും സഹായകമാകുന്ന ഒരു നിർണായക ശക്തിയായി ഈ സന്നദ്ധപ്രവർത്തകർ മാറുമെന്ന് ക്യാപ്റ്റൻ മർവാൻ അൽ കാബി പറഞ്ഞു. മനുഷ്യജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിൽ ഇവർക്ക് വലിയ പങ്കു വഹിക്കാൻ സാധിക്കും. പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ഇത്തരം പരിശീലനങ്ങൾ സമൂഹത്തിന്റെ ദുരന്തനിവാരണ ശേഷി വർദ്ധിപ്പിക്കാൻ അത്യന്താപേക്ഷിതമാണ്.