അബുദാബി:ഇന്ത്യയും യുഎഇയും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ വലിയ നീക്കങ്ങളുമായി മുന്നോട്ട്. അബുദാബിയിൽ ചേർന്ന ഇന്ത്യ–യുഎഇ സംയുക്ത ദൗത്യയോഗത്തിൽ കൂടുതൽ ഗൾഫ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ (FTA) വിപുലീകരിക്കാൻ ധാരണയായി. ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിനും നിക്ഷേപ സാധ്യതകൾ വികസിപ്പിക്കുന്നതിനുമുള്ള നിരവധി തീരുമാനങ്ങളാണ് യോഗത്തിൽ ഉണ്ടായത്.

ബഹിരാകാശം, നാവിക മേഖലകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ രംഗങ്ങളിൽ ഇരുരാജ്യങ്ങളും കൂടുതൽ സഹകരണം നടത്തി നിക്ഷേപം വർധിപ്പിക്കുമെന്ന് പിയൂഷ് ഗോയൽ വ്യക്തമാക്കി. ജബൽ അലി ഫ്രീസോണിൽ നിർമാണത്തിലിരിക്കുന്ന 2.7 മില്യൻ ചതുരശ്ര അടിയിൽ ഭാരത് മാർട്ട് 2027-ൽ പ്രവർത്തനം ആരംഭിക്കും; ഇതിനകം 9,000 ഇന്ത്യൻ കമ്പനികൾ പങ്കാളിത്തം പ്രഖ്യാപിച്ചു. പ്രാദേശിക കറൻസികളിൽ വ്യാപാരം സാധ്യമാക്കാൻ ഇരുരാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകളുടെ സഹകരണം യോഗം അഭിനന്ദിച്ചു.

2013-ൽ രൂപീകരിച്ച ജോയിന്റ് നിക്ഷേപ ടാസ്‌ക് ഫോഴ്‌സ് ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രധാന സംവിധാനമാണ്. 2022-ൽ നടപ്പാക്കിയ ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത (സെപ) കരാറിന് ശേഷം എണ്ണയിതര വ്യാപാരം റെക്കോർഡ് നേട്ടം കൈവരിച്ചു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം എണ്ണയിതര വ്യാപാരം 38 ബില്യൺ യുഎസ് ഡോളറിലെത്തി, മുൻവർഷത്തെക്കാൾ 34 ശതമാനം അധികം.
യുഎഇ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ഹബ്ബാണെന്നും ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിര വളർച്ചയ്ക്ക് ഇന്ത്യ മുൻഗണന നൽകുന്നതായും യുഎഇയെ ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ–യുഎഇ ബന്ധത്തിന്റെ വേഗത്തിലുള്ള വളർച്ച രണ്ടു രാജ്യങ്ങൾക്കും ഗൾഫ് മേഖലക്കും പുതിയ സാമ്പത്തിക വഴിത്തിരിവുകൾ തുറക്കുന്നു.