ദുബായ്: 2025ലെ ലോക പബ്ലിക് സ്പീക്കിംഗ് ചാമ്പ്യൻ സബ്യസാചി സെൻഗുപ്ത ഈ ഞായറാഴ്ച ദുബായിൽ നടക്കുന്ന ടോസ്റ്റ്മാസ്റ്റേഴ്സ് നേതൃത്ത്വ ക്യാമ്പിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നു. യുഎഇയും ലെബനനും ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 127 സംഘടിപ്പിക്കുന്ന “ചാമ്പ്യൻസ് ലീഡർഷിപ്പ് കോൺക്ലേവ്” ദുബൈലാൻഡിലെ ദി അക്ക്വില സ്കൂളിൽ (സ്കൈകോർട്ട്സ് ടവർ A-യ്ക്കു മുന്നിൽ) നടക്കും.
മുൻ അന്താരാഷ്ട്ര പ്രസിഡന്റ് ഡിടിഎം കേണൽ മുഹമ്മദ് മുറാദ് പ്രത്യേക ലീഡർഷിപ്പ് വർക്ക്‌ഷോപ്പ് നടത്തും. പരിപാടിയിൽ പങ്കെടുത്തവർക്ക് പ്രഭാഷണകല, ആശയവിനിമയം, നേതൃത്വപാടവം എന്നിവയിലെ പുതിയ പ്രവണതകളും നവീന സങ്കേതങ്ങളും പഠിക്കാനുള്ള അവസരം ലഭിക്കും.
നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ താമസിക്കുന്ന സെൻഗുപ്ത, ബാല്യകാലത്തിലെ അഭിനേതാവാകാനുള്ള സ്വപ്നം, ഫിനാൻസ് കരിയർ, തുടർന്ന് പൊതുപ്രസംഗ രംഗത്തേക്ക് വന്ന അനുഭവങ്ങൾ എന്നിവ “ജസ്റ്റ് നോഡ്” പ്രസംഗത്തിൽ പങ്കുവെച്ചിരുന്നു. ദുബായിൽ നടക്കുന്ന പരിപാടിയിലും വിജയപ്രഭാഷണത്തിന്റെ രഹസ്യങ്ങളും പിന്നാമ്പുറവും അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഡിസ്ട്രിക്ട് ഡയറക്ടർ സുജിൽ സി.വിയെ 055-5537147 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.