ദുബൈ:ലോകത്തിലെ തന്നെ മികച്ച സപ്ലൈ ചെയിൻ ട്രെയിനിങ് ആൻഡ് കൺസൽട്ടിങ് സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ ചരിത്രം കുറിച്ചു. മലയാളികളുടെ ഉടമസ്ഥതയിലുള്ള യു.കെ ആസ്ഥാനമായ മൾട്ടിനാഷണൽ കമ്പനിയായ ബ്ലൂ ഓഷ്യൻ, മൂന്ന് പതിറ്റാണ്ടായി യു.എ.ഇയിൽ പ്രവർത്തിച്ചു വരികയാണ്. അമേരിക്കയിലെ ഒഹയോയിൽ നടന്ന അസോസിയേഷൻ ഫോർ സപ്ലൈ ചെയിൻ മാനേജ്മെന്റ് (ASCM) സംഘടിപ്പിച്ച ചെയിൻഞ് കോൺഫറൻസിലാണ് കമ്പനിക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. ചടങ്ങിൽ ബ്ലൂ ഓഷ്യൻ ഗ്രൂപ്പ് സി.ഇ.ഒ ഡോ. സത്യ മേനോൻ ASCM എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡഗ്ലസ് കെന്റ്, ചെയർ–ഇലക്ട് മൈക്കിൾ ബഞ്ച് എന്നിവരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
യു.എ.ഇ ലോജിസ്റ്റിക്സ് സ്ട്രാറ്റജി 2050, ദുബായ് സിൽക്ക് റോഡ്, ഓപ്പറേഷൻ 300 ബില്യൺ തുടങ്ങിയ ദേശീയ പദ്ധതികളിലൂടെ വിതരണ ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ബ്ലൂ ഓഷ്യൻ നേടിയ നേട്ടം ശ്രദ്ധേയമായത്. ഗ്ലോബൽ സപ്ലൈ ചെയിൻ മേഖലയിലെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ക്ഷാമം നിറയ്ക്കുകയും, അറിവ് വികസിപ്പിക്കുകയും ചെയ്യുന്ന രംഗത്താണ് കമ്പനിയുടെ മുൻതൂക്കം തെളിഞ്ഞിരിക്കുന്നത്.
ഈ നേട്ടത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും സൗജന്യമായി ‘സപ്ലൈ ചെയിൻ മാനേജ്മെന്റ് ഫണ്ടമെന്റൽസ്’ പഠന പരിപാടി ഒരുക്കിയിരിക്കുന്നുവെന്ന് ബ്ലൂ ഓഷ്യൻ അറിയിച്ചു. “സപ്ലൈ ചെയിൻ എഡ്യൂക്കേഷൻ ഫോർ ഓൾ” എന്ന സ്ഥാപനത്തിന്റെ ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ പ്രഖ്യാപനമെന്ന് അധികൃതർ വ്യക്തമാക്കി.