അബുദാബി: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പൊലീസ്. ‘യുവർ കമന്റ്’ എന്ന പേരിൽ നടത്തുന്ന ബോധവൽക്കരണ ക്യാംപെയ്ന്റെ ഭാഗമായാണ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയത്. ശ്രദ്ധക്കുറവ് മൂലം റെഡ് സിഗ്നൽ മറികടക്കുന്നതും മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും സംബന്ധിച്ച് സിഗ്നലിലെ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. റെഡ് സിഗ്നൽ മറികടന്നാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. വാഹനം 30 ദിവസത്തേക്കു പിടിച്ചെടുക്കും.
പിടിച്ചെടുത്ത വാഹനം തിരികെ ലഭിക്കുന്നതിനു 50,000 ദിർഹം വരെ വേറെ അടയ്ക്കേണ്ടി വരും. ചുരുക്കത്തിൽ അപകടമുണ്ടാക്കിയ ആൾക്ക് മൊത്തം 52,000 ദിർഹമെങ്കിലും പിഴ അടയ്ക്കേണ്ടിവരും. റോഡിൽ പൂർണ ശ്രദ്ധ ചെലുത്തണമെന്നും പൊലീസ് ഓർമിപ്പിച്ചു









































