വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം, പ്രസാധന രംഗം എന്നിവയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പ്രസിഡന്റിന്റെ അംഗീകാരം; ആദരം ഷാർജയിലെ ചടങ്ങിൽ.
ഷാർജ: യുഎഇയും ഇറ്റലിയും തമ്മിലുള്ള സാംസ്കാരിക-വിദ്യാഭ്യാസ ബന്ധങ്ങൾ ശക്തമാക്കുന്നതിൽ നൽകിയ വിലയേറിയ സംഭാവനകൾ മുൻനിർത്തി ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സണും യുനെസ്കോ ഗുഡ്‌വിൽ അംബാസഡറുമായ ഷെയ്ഖ ബോദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമിക്ക് ഇറ്റലിയുടെ പരമോന്നത ദേശീയ ബഹുമതി.

ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നായ ‘ഓർഡർ ഓഫ് മെറിറ്റിന്റെ ഓഫീസർ പദവി’ (Officer of The Order of Merit of the Italian Republic) നൽകിയാണ് ഷെയ്ഖ ബോദൂറിനെ ആദരിച്ചത്.
ജൂലൈ 13-ന് ഷാർജയിലെ ചരിത്രപ്രസിദ്ധമായ ‘അൽ ബൈത് അൽ വെസ്തി’യിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ യുഎഇയിലെ ഇറ്റാലിയൻ അംബാസഡർ ലോറൻസോ ഫനാര, ഇറ്റാലിയൻ പ്രസിഡന്റിന് വേണ്ടി ബഹുമതി പത്രവും മെഡലും കൈമാറി. ഷാർജ ഡെപ്യൂട്ടി റൂളർ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (Shurooq) പുനരുദ്ധരിച്ച സാംസ്കാരിക കേന്ദ്രമാണ് അൽ ബൈത് അൽ വെസ്തി.

കുട്ടിക്കാലം മുതൽ പുസ്തകങ്ങളുടെയും വായനയുടെയും ശക്തി തനിക്ക് മനസ്സിലാക്കിത്തന്നത് പിതാവും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് ഷെയ്ഖ ബോദൂർ പറഞ്ഞു. സാംസ്കാരിക സംവാദങ്ങളാണ് സമാധാനത്തിന് ശാശ്വതമായ അടിത്തറയിടുന്നതെന്ന അദ്ദേഹത്തിന്റെ ദർശനമാണ് ഷാർജയുടെ വളർച്ചയ്ക്ക് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു. ഇറ്റാലിയൻ സാഹിത്യം അറബ് വായനക്കാരിലേക്കും, അറബ് സാഹിത്യം ഇറ്റാലിയൻ സമൂഹത്തിലേക്കും കൂടുതൽ എത്തിക്കാൻ ഈ പുരസ്കാരം പ്രചോദനമാകുമെന്നും അവർ വ്യക്തമാക്കി.
ഇറ്റലിയിലെ ബോലോഗ്നയിലുള്ള ചരിത്രപ്രസിദ്ധമായ ‘ജിയാനിനോ സ്റ്റോപ്പാനി’ ചിൽഡ്രൻസ് ബുക്ക്‌ഷോപ്പ് പുനർനിർമ്മിക്കുന്നതിന് ഷെയ്ഖ ബോദൂർ നൽകിയ വ്യക്തിപരമായ പിന്തുണ ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണെന്ന് അംബാസഡർ ലോറൻസോ ഫനാര ഓർമ്മിപ്പിച്ചു. സാമ്പത്തിക-തന്ത്രപരമായ ബന്ധങ്ങൾക്കപ്പുറം സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും നിക്ഷേപിക്കുന്നത് മാത്രമാണ് വരുംതലമുറകൾക്ക് യഥാർത്ഥ പ്രയോജനം ചെയ്യുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1896-ൽ സ്ഥാപിതമായ ഇന്റർനാഷണൽ പബ്ലിഷേഴ്‌സ് അസോസിയേഷന്റെ (IPA) പ്രസിഡന്റാകുന്ന ആദ്യ അറബ് വനിതയാണ് ഷെയ്ഖ ബോദൂർ അൽ ഖാസിമി. നിലവിൽ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെ (AUS) പ്രസിഡന്റ് പദവിയും അവർ വഹിക്കുന്നുണ്ട്. കലിമാത് ഫൗണ്ടേഷനിലൂടെ അഭയാർത്ഥികളായ കുട്ടികൾക്ക് അറബിക്-ഇറ്റാലിയൻ പുസ്തകങ്ങൾ എത്തിക്കുന്നതിനും, ബെയ്റൂട്ട് സ്ഫോടനത്തിൽ തകർന്ന ലൈബ്രറികൾ പുനർനിർമ്മിക്കുന്നതിനും, കാഴ്ചപരിമിതർക്കായി പുസ്തക ലഭ്യത ഉറപ്പാക്കുന്ന മാരാകേഷ് ഉടമ്പടി നടപ്പിലാക്കുന്നതിനും അവർ ആഗോളതലത്തിൽ നേതൃത്വം നൽകിയിട്ടുണ്ട്.















