ദുബൈ: വേനൽച്ചൂടിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബൈ നടപ്പാക്കിയ Summer Without Risks(അപകട രഹിത വേനൽ )- പദ്ധതിയിലൂടെ 8,350 തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നടത്തി.വേനൽക്കാലത്ത് ഉയർന്ന താപനില മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ച് തൊഴിലാളികളിൽ അവബോധം സൃഷ്ടിക്കുകയും മുൻകരുതൽ നടപടികൾ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജൂൺ 16ന് ആരംഭിച്ച പദ്ധതി ആഴ്ചകളോളം നീണ്ടു. തൊഴിലാളികളുടെ സാന്നിധ്യം കൂടുതലുള്ള മുഹൈസ്ന, അൽ മങ്കൂൾ, അൽ ജദ്ദാഫ്, അൽ ഖുസൈസ്, അൽ മുറഖബാത്ത് എന്നിവിടങ്ങളിലാണ് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. മുഹൈസ്നയിൽ രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്.


കടുത്ത ചൂടിൽ ജോലി ചെയ്യുമ്പോൾ ഉണ്ടാകാവുന്ന ഹീറ്റ് സ്ട്രെസ്, നേരിട്ടുള്ള സൂര്യപ്രകാശം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് തൊഴിലാളികൾക്ക് ബോധവത്കരണം നൽകി. ചൂടിൽ ജോലി ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ആരോഗ്യകരമായ തൊഴിൽശീലങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദീകരിക്കുന്ന ക്ലാസുകളും ബോധവത്കരണ സെഷനുകളും നടത്തി.ബോധവത്കരണത്തോടൊപ്പം ജോലി സ്ഥലങ്ങളിൽ തന്നെ ആരോഗ്യ പരിശോധനയ്ക്കുള്ള സൗകര്യവും ഒരുക്കി. ഏകദേശം 28 ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിലാണ് 8,350 പരിശോധനകൾ നടത്തിയത്. വിവിധ ഭാഷകളിൽ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ നൽകിയതിലൂടെ തൊഴിലാളികൾക്ക് സന്ദേശങ്ങൾ വ്യക്തമായി മനസ്സിലാക്കാനും പ്രായോഗികമായി പിന്തുടരാനും സാധിച്ചു.


തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നത് സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ജിഡിആർഎഫ്എ–ദുബൈ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബൈയിലെ പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ചെയർമാനുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.തൊഴിലാളികളുടെ സുരക്ഷ ബോധവത്കരണത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്നും പ്രതിരോധ ആരോഗ്യപരിചരണം അവർ ജോലി ചെയ്യുന്ന ഇടങ്ങളിലേക്ക് തന്നെ എത്തിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന താപനിലയും നേരിട്ടുള്ള സൂര്യപ്രകാശവും മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം സുരക്ഷിതമായ തൊഴിൽശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിട്ടതായി അദ്ദേഹം പറഞ്ഞു.


Drydocks World–Dubai, Grand Infinity Healthcare Group, Aster DM Healthcare -എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലയുടെയും ആരോഗ്യരംഗത്തെ വിദഗ്ധ സേവനങ്ങളുടെയും ഏകോപനത്തിലൂടെ തൊഴിലാളികൾക്ക് നേരിട്ട് ആരോഗ്യപരിചരണവും ബോധവത്കരണവും എത്തിക്കുകയായിരുന്നു.
ദുബായിലെ തൊഴിലിടങ്ങളിൽ ആരോഗ്യസുരക്ഷാ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വേനൽക്കാലത്തെ ഉയർന്ന താപനില മൂലമുള്ള ആരോഗ്യ അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള ജിഡിആർഎഫ്എ–ദുബൈയുടെയും പങ്കാളികളുടെയും തുടർ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.











