2026-ന്റെ ആദ്യ പകുതിയിൽ ജയ്‌വാൻ കാർഡ് വഴി 550-ലധികം സർക്കാർ ഇടപാടുകൾ നടപ്പിലായതായി ധനകാര്യ വകുപ്പ്.
ഷാർജ, ഓഗസ്റ്റ് 24, 2026: ഷാർജ സർക്കാരിന്റെ ഔദ്യോഗിക പണമിടപാട് സംവിധാനമായ ‘തഹ്സീൽ’ പ്ലാറ്റ്‌ഫോമിൽ യുഎഇയുടെ ദേശീയ പേയ്‌മെന്റ് കാർഡായ ‘ജയ്‌വാൻ’ (Jaywan) സൗകര്യം പൂർണ്ണമായി ലഭ്യമാക്കി. ഷാർജ സെൻട്രൽ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റാണ് പദ്ധതി വിപുലീകരിച്ച വിവരം പുറത്തുവിട്ടത്.
ഇതോടെ ഷാർജ നിവാസികൾക്കും ഉപഭോക്താക്കൾക്കും സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ തഹ്സീൽ വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, തഹ്സീൽ സേവന കേന്ദ്രങ്ങൾ എന്നിവ വഴി ജയ്‌വാൻ കാർഡ് ഉപയോഗിച്ച് നേരിട്ടും അല്ലാതെയും അടയ്ക്കാം.
സ്വദേശി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സർവീസുകൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കാനും സാമ്പത്തിക സുരക്ഷ വർദ്ധിപ്പിക്കാനും പുതിയ നീക്കം സഹായിക്കും.
2025 സെപ്റ്റംബർ 20-നാണ് ജയ്‌വാൻ കാർഡ് ഉപയോഗിച്ചുള്ള ആദ്യ സർക്കാർ ഫീസ് ഇടപാട് തഹ്സീൽ സംവിധാനത്തിൽ രേഖപ്പെടുത്തിയത്. തുടർന്ന് 2026-ന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ തഹ്സീൽ വഴി 558 ഇടപാടുകൾ ജയ്‌വാൻ നെറ്റ്‌വർക്കിലൂടെ വിജയകരമായി പൂർത്തിയായി.
ദേശീയ തലത്തിലുള്ള പേയ്‌മെന്റ് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി തഹ്സീലിന്റെ എല്ലാ വിതരണ ശൃംഖലകളിലേക്കും വ്യാപിപ്പിച്ചതെന്ന് ഷാർജ സെൻട്രൽ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് ഫിനാൻഷ്യൽ സിസ്റ്റംസ് വിഭാഗം ഡയറക്ടർ ഹുദാ അൽ യാസി വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് തഹ്സീലിന്റെ ഡിജിറ്റൽ ശേഷി ഇനിയും മെച്ചപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
യുഎഇയുടെ ഡിജിറ്റൽ സാമ്പത്തിക കാഴ്ചപ്പാടുകൾക്ക് പിന്തുണ നൽകുന്നതോടൊപ്പം സർക്കാർ സേവനങ്ങൾക്ക് ലളിതവും വേഗത്തിലുമുള്ള പണമിടപാട് ഉറപ്പാക്കുകയാണ് ഇതിലൂടെ ഷാർജ ലക്ഷ്യമിടുന്നത്.









