17 തന്ത്രപ്രധാന എണ്ണപ്പാടങ്ങൾ വികസിപ്പിക്കാൻ തീരുമാനം; വെനസ്വേലയിലേക്ക് 100 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപമെത്തും.
വാഷിംഗ്ടൺ/കാരാക്കസ് – ഓഗസ്റ്റ് 29, 2026:ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരമുള്ള വെനസ്വേലയുമായി കൂറ്റൻ ഊർജ്ജ പങ്കാളിത്ത കരാറിലെത്തി അമേരിക്ക. വെനസ്വേലയിലെ 17 തന്ത്രപ്രധാന എണ്ണപ്പാടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 65 ബില്യണിലധികം ബാരൽ എണ്ണശേഖരത്തിന്റെ നിയന്ത്രണവും വികസനവും ലക്ഷ്യമിട്ടാണ് ഈ നീക്കം.
അമേരിക്കൻ ജനതയ്ക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കാനും രാജ്യത്തിന്റെ ക്രൂഡ് ശേഖരം ഇരട്ടിയാക്കാനും ഈ കരാർ സഹായിക്കുമെന്ന് ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനസ്വേലയ്ക്ക് വലിയ തിരിച്ചുവരവിന് കരാർ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാറിന്റെ വിശദാംശങ്ങൾ വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസും സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പുനരുദ്ധാരണത്തിന് പദ്ധതി നിർണായകമാകുമെന്നും 100 ബില്യൺ ഡോളറിലധികം സ്വകാര്യ നിക്ഷേപവും നികുതിയിനത്തിൽ 209 ബില്യൺ ഡോളറിലധികം വരുമാനവും ഇതുവഴി ലഭിക്കുമെന്നും അവർ സോഷ്യൽ മീഡിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചുകാലമായി നിലനിന്നിരുന്ന നയതന്ത്ര തർക്കങ്ങൾക്കും ഉപരോധങ്ങൾക്കുമൊടുവിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇത്തരമൊരു സാമ്പത്തിക കരാറിലെത്തുന്നത്. തകർച്ച നേരിട്ട വെനസ്വേലൻ എണ്ണ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം അമേരിക്കൻ വിപണിയിലേക്ക് സ്ഥിരമായ ഇന്ധന ലഭ്യത ഉറപ്പാക്കാനും ഈ നീക്കം സഹായിക്കും.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണ് ഈ ധാരണയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എക്സിൽ കുറിച്ചു. വിപണിയിൽ എണ്ണവില കുറയ്ക്കുന്നതിനൊപ്പം വെനസ്വേലയിൽ അയ്യായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.










