ഇരുവശങ്ങളിലേക്കുമായി 6 വരികൾ; യാത്രാസമയത്തിൽ 85 ശതമാനം വരെ കുറവ് ലക്ഷ്യമിട്ട് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
ഷാർജ — സെപ്റ്റംബർ 1, 2026:ഷാർജയ്ക്കും ദുബായിക്കുമിടയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി അൽ താവുൻ സ്ക്വയറിൽ നിർമിക്കുന്ന തുരങ്കപ്പാതയുടെ ഒന്നാം ഘട്ടം 2026 നവംബറിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കും.
ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ അൽ താവുൻ സ്ക്വയറിലെ ടണൽ പൂർത്തിയാകുന്നതോടെ തിരക്കേറിയ സമയങ്ങളിലെ കാത്തിരിപ്പ് സമയം 85 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തൽ. ഇരുവശങ്ങളിലേക്കുമായി മൂന്ന് വരികൾ വീതമുള്ള ടണലിലൂടെ തിരക്കുള്ള സമയങ്ങളിൽ മണിക്കൂറിൽ 4,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. പദ്ധതി 2027 ഫെബ്രുവരിയിൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകും.
അൽ താവുൻ, അൽ നഹ്ദ വഴിയുള്ള ഗതാഗതം സുഗമമാക്കാൻ 24 മണിക്കൂറും ഊർജിതമായ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) വ്യക്തമാക്കി. ജൂലൈ മാസത്തിൽ പദ്ധതിയുടെ 20 ശതമാനം നിർമാണം പൂർത്തിയായിരുന്നു.
അൽ താവുൻ, അൽ ഖാൻ എന്നിവയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന സമഗ്ര റോഡ് നവീകരണ പദ്ധതിയുടെ ആദ്യഘട്ടവും നവംബറിൽ തന്നെ യാഥാർഥ്യമാകും. ഇതിനുപുറമെ, ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്–മലീഹ റോഡ് ജംഗ്ഷനിൽ 14 കോടി ദിർഹം (140 ദശലക്ഷം ദിർഹം) ചെലവിൽ മൂന്ന് വരികളുള്ള പുതിയ പാലത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്.
റോഡ് വികസനത്തോടൊപ്പം ആധുനിക സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള വികസന മാതൃകയാണ് നടപ്പാക്കുന്നതെന്ന് എസ്.ആർ.ടി.എ ചെയർമാൻ യൂസിഫ് ഖമീസ് അൽ ഒത്മാനി വ്യക്തമാക്കി. റോഡ് പുനർനിർമാണത്തിനായി റീസൈക്കിൾ ചെയ്ത അസ്ഫാൽറ്റ് ഉപയോഗിക്കുന്ന രീതിയും അതോറിറ്റി വിപുലീകരിക്കുന്നുണ്ട്.
പൊതുഗതാഗത മേഖലയിലും വലിയ മാറ്റങ്ങളാണ് ഷാർജ നടപ്പിലാക്കുന്നത്. ഇലക്ട്രിക്, ഹൈബ്രിഡ്, സി.എൻ.ജി വാഹനങ്ങൾ ഉൾപ്പെടുത്തിയുള്ള പൊതുഗതാഗത സർവീസുകളിൽ സുരക്ഷയ്ക്കായി കൃത്രിമബുദ്ധി (എ.ഐ) സംവിധാനങ്ങളും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവ് കണ്ടെത്താനുള്ള കാമറകളും ഏർപ്പെടുത്തിയിട്ടുണ്ട്. മുവൈല കൊമേഴ്‌സ്യൽ, അൽജാദ, യൂണിവേഴ്സിറ്റി സിറ്റി, അൽ ജുറൈന, അൽ ഖറൈൻ, അൽ നൗഫ് തുടങ്ങിയ മേഖലകളിലേക്ക് ആപ്പ് വഴി ബുക്ക് ചെയ്യാവുന്ന ‘ബസ് ഓൺ ഡിമാൻഡ്’ സർവീസും വ്യാപിപ്പിച്ചു.










