എമിറേറ്റിലെ ആറ് ശാഖകളിലായി ശാസ്ത്രം, കോഡിങ്, പരിസ്ഥിതി സംരക്ഷണം, സാഹിത്യം എന്നിവ കോർത്തിണക്കി ശിൽപശാലകൾ സംഘടിപ്പിക്കുന്നു

ഷാർജ — സെപ്റ്റംബർ 1, 2026 : പുതിയ അധ്യയന വർഷാരംഭത്തോട് അനുബന്ധിച്ച് ക്ലാസ്സ് മുറികൾക്ക് പുറത്തുള്ള പ്രായോഗിക പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ഷാർജ പബ്ലിക് ലൈബ്രറികൾ സെപ്റ്റംബർ മാസത്തിൽ 24 വൈവിധ്യമാർന്ന പരിപാടികൾ പ്രഖ്യാപിച്ചു.
ഷാർജ മെയിൻ ബ്രാഞ്ച്, ഖോർഫക്കാൻ, കൽബ, അൽ ദൈദ്, ദിബ്ബ അൽ ഹിസ്ൻ, വാദി അൽ ഹിലോ എന്നീ ആറ് ശാഖകളിലായി നാല് പരിപാടികൾ വീതമാണ് നടക്കുക. കുട്ടികൾ, യുവാക്കൾ, രക്ഷിതാക്കൾ, മുതിർന്ന പൗരന്മാർ എന്നിവരെ ഉൾപ്പെടുത്തി വായന, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി സുസ്ഥിരത, സർഗാത്മക കലകൾ എന്നിവ മുൻനിർത്തിയാണ് ശിൽപശാലകളും ഫീൽഡ് സന്ദർശനങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
ഷാർജ പ്രധാന ലൈബ്രറിയിൽ സെപ്റ്റംബർ 3-ന് വിവർത്തന പഠനങ്ങളുമായി ബന്ധപ്പെട്ട ശിൽപശാലയോടെ പരിപാടികൾക്ക് തുടക്കമാകും. നജീബ് മഹ്ഫൂസിന്റെ സാഹിത്യ സംഭാവനകളെക്കുറിച്ചുള്ള ചർച്ച, കുടുംബ കഥപറച്ചിൽ സെഷനുകൾ, ഷാർജ ഇസ്ലാമിക് സിവിലൈസേഷൻ മ്യൂസിയം പരിസരത്ത് സുസ്ഥിര ടൂറിസം പരിചയപ്പെടുത്തുന്ന പഠനയാത്ര എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കിഴക്കൻ തീരദേശ-ഗ്രാമീണ മേഖലകളിലെ ലൈബ്രറികളിലും വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുക. ഖോർഫക്കാനിൽ സെപ്റ്റംബർ 15-ന് ഖോർ കൽബ മാൻഗ്രൂവ് കേന്ദ്രത്തിലേക്ക് കണ്ടൽക്കാടുകളുടെ സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ പരിസ്ഥിതി യാത്ര സംഘടിപ്പിക്കും. കൽബയിൽ യുവാക്കൾക്കായി അനിമേഷൻ ശിൽപശാലയും സെപ്റ്റംബർ 29-ന് പ്രോഗ്രാമിങ് പരിശീലനവും നടക്കും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക ചലച്ചിത്ര പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
അൽ ദൈദ് ബ്രാഞ്ചിൽ ഷാർജ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവുമായി സഹകരിച്ച് ഫോസിലുകളെക്കുറിച്ചുള്ള പഠനം, ദിബ്ബ അൽ ഹിസ്നിൽ മണ്ണില്ലാതെയുള്ള കൃഷിരീതി പരിചയപ്പെടുത്തുന്ന ഹൈഡ്രോപോണിക്സ് ശിൽപശാല, വാദി അൽ ഹിലോയിൽ സ്കൂൾ വിദ്യാർഥികൾക്കായുള്ള ചിത്രരചനാ മത്സരങ്ങൾ എന്നിവയും നടക്കും. വിവിധ സർക്കാർ വകുപ്പുകളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.










