മൊഡുലാർ നിർമാണം, നിർമിത ബുദ്ധി, ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യകൾ എമിറേറ്റിൽ വിപുലമാക്കാൻ ദുബായ് മുനിസിപ്പാലിറ്റിയും ബിസിഎ ഇന്റർനാഷണലും ധാരണയിലെത്തി.
ദുബായ്, സെപ്റ്റംബർ 10, 2026 : നിർമാണ മേഖലയിൽ അത്യാധുനിക മൊഡുലാർ സാങ്കേതികവിദ്യകളും ഗ്രീൻ ബിൽഡിങ് മാനദണ്ഡങ്ങളും നടപ്പിലാക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി സിംഗപ്പൂരിന്റെ ബിസിഎ ഇന്റർനാഷണലുമായി സഹകരണ കരാർ ഒപ്പുവെച്ചു.
ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗലിതയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സിംഗപ്പൂരിൽ നടത്തിയ ഔദ്യോഗിക സന്ദർശനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന കരാർ യാഥാർഥ്യമായത്. സിംഗപ്പൂർ ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ അതോറിറ്റിയുടെ അന്താരാഷ്ട്ര വിഭാഗമായ ബിസിഎ ഇന്റർനാഷണലുമായി ചേർന്നാണ് ദുബായ് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്.
പരിസ്ഥിതിസൗഹൃദ നിർമാണ രീതികൾ, ആധുനിക നയരൂപീകരണം, സാങ്കേതിക പരിശീലനങ്ങൾ എന്നിവയിൽ ഇരുപക്ഷവും സംയുക്തമായി പ്രവർത്തിക്കും. സിംഗപ്പൂരിലെ മുൻനിര എൻജിനീയറിങ്, നിർമാണ കമ്പനികൾക്ക് ദുബായിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പങ്കാളികളാകാനുള്ള അവസരമൊരുക്കുന്നതിനൊപ്പം എമിറേറ്റിലെ കെട്ടിടങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും കരാറിന്റെ ഭാഗമായി രൂപീകരിക്കും.
ആഗോളതലത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി ദുബായിലെ നിർമാണ മേഖലയെ കൂടുതൽ സുസ്ഥിരവും പ്രവർത്തനക്ഷമവുമാക്കുകയാണ് ലക്ഷ്യമെന്ന് മർവാൻ അഹമ്മദ് ബിൻ ഗലിത വ്യക്തമാക്കി. നിർമാണ രംഗത്ത് ഡിജിറ്റൽ സംവിധാനങ്ങളും കൃത്രിമ ബുദ്ധിയും ഫലപ്രദമായി സംയോജിപ്പിക്കുന്നത് പദ്ധതികളുടെ ഗുണനിലവാരം വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിംഗപ്പൂരിൽ നടന്ന ഇന്റർനാഷണൽ ബിൽറ്റ് എൻവയോൺമെന്റ് വീക്ക് (IBEW 2026), ബെക്‌സ് ഏഷ്യ (BEX Asia) എന്നീ രാജ്യാന്തര പ്രദർശനങ്ങളിലും ദുബായ് പ്രതിനിധി സംഘം പങ്കെടുത്തു. പതിനാലായിരത്തിലധികം വിദഗ്ധരും കമ്പനി പ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ, ഫാക്ടറികളിൽ മുൻകൂട്ടി നിർമിച്ച് സൈറ്റുകളിൽ എത്തിച്ചു കൂട്ടിച്ചേർക്കുന്ന പിപിവീസി (Prefabricated Prefinished Volumetric Construction) രീതികൾ, ഓട്ടോമേഷൻ, സുരക്ഷാ പരിശോധനകൾക്കുള്ള റോബോട്ടിക്‌സ് സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.
ചാങ്കി ബിസിനസ് പാർക്കിലെ കജിമ ഇന്നൊവേഷൻ സെന്റർ സന്ദർശിച്ച സംഘം റോബോട്ടിക്‌സ്, നിർമാണ ഘടനകളുടെ കൃത്യത നിരീക്ഷിക്കുന്ന ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യകൾ എന്നിവ നേരിട്ട് വിലയിരുത്തി. യുണൈറ്റഡ് ടെക് കൺസ്ട്രക്ഷന്റെ നിർമാണ സൈറ്റുകളിലും പ്രശസ്തമായ അവന്യൂ സൗത്ത് റെസിഡൻസ് പദ്ധതിയിലും സംഘം സന്ദർശനം നടത്തി. മാലിന്യങ്ങൾ ഒഴിവാക്കി വേഗത്തിലും സുരക്ഷിതമായും വൻകിട നിർമാണങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഇത്തരം ആധുനിക മാതൃകകൾ ദുബായിലെ വരുംകാല പദ്ധതികളിൽ നടപ്പാക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.










