ദുബായ്: പിങ്ക് ഒക്ടോബറിന്റെ ഭാഗമായി സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി അക്കാഫ് അസോസിയേഷന്റെ ഹെൽത്ത് ആന്റ് ഫിറ്റ്നസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് മുഹൈസിന അൽ വാസൽ വില്ലേജിലുള്ള ആസ്റ്റർ ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധ ബോധവൽക്കരണത്തിനും പ്രാധാന്യം നൽകി.
അക്കാഫ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ട്രഷറർ രാജേഷ് പിള്ള, ഡയറക്ടർ ബോർഡ് മെമ്പർ മുനീർ സി എൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ഡോ റിയ സ്വാമിദാസ് ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നത് ചികിത്സ വിജയകരമാക്കുന്നതിൽ നിർണായകമാണെന്നും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും ആരോഗ്യകാര്യങ്ങളിലുള്ള ജാഗ്രതയും സ്ത്രീകൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഡോക്ടർ ക്യാമ്പിൽ പങ്കെടുത്ത സ്ത്രീകളെ ഓർമിപ്പിച്ചു. സ്ത്രീകൾ സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും സംശയാസ്പദമായ ലക്ഷണങ്ങൾ അവഗണിക്കാതെ വിദഗ്ധ ചികിത്സ തേടണമെന്നും ക്യാമ്പിലൂടെ സന്ദേശം നൽകി.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആരോഗ്യബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന എ.കെ.സി.എ.എഫ്. ഹെൽത്ത് ആൻഡ് ഫിറ്റ്നസ് ക്ലബ്ബിന്റെ ഈ സംരംഭം സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് പിന്തുണ നൽകുന്നതായി.
സ്തനാർബുദത്തിനെതിരായ പോരാട്ടത്തിൽ അവബോധം, നേരത്തെയുള്ള പരിശോധന, സമയബന്ധിതമായ ചികിത്സ എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു ക്യാമ്പ്.
ഹെൽത്ത് ആന്റ് ഫിറ്റ്നസ്സ് ക്ലബ്ബ് കൺവീനർ സുമി നായർ, കോർഡിനേറ്റർമാരായ ഡോ താര പ്രതീഷ്, ഷിബു വാഴൂർ , ജോയിന്റ് കൺവീനർമാരായ അഖിൽ രാമചന്ദ്രൻ, ജിനേഷ് കേശവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.










