അറേബ്യൻ ട്രാവൽ മാർക്കറ്റിൽ യുഎഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ പ്രതിനിധികൾ പങ്കെടുത്ത ചർച്ച; മേഖലയിലെ കോൺഫറൻസ് വിപണിയിൽ 45 ശതമാനം വളർച്ച
ദുബായ്, സെപ്റ്റംബർ 15, 2026 — ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ തനതായ സാംസ്കാരിക-വാണിജ്യ സ്വഭാവങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ മേഖലയെന്ന നിലയിൽ ഒത്തുചേർന്നു പ്രവർത്തിച്ചാൽ മാത്രമേ ആഗോള ബിസിനസ് മീറ്റിങ്ങുകളുടെയും സമ്മേളനങ്ങളുടെയും വിപണിയിൽ ദീർഘകാല മുന്നേറ്റം ഉറപ്പാക്കാനാകൂ എന്ന് ടൂറിസം വിദഗ്ധർ. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന 33-ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ (എടിഎം 2026) രണ്ടാം ദിവസത്തെ ചർച്ചകളിലാണ് ഗൾഫ് പ്രതിനിധികൾ ഈ നിലപാട് വ്യക്തമാക്കിയത്.
യുഎഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ ടൂറിസം മേധാവികൾ പങ്കെടുത്ത സമ്മേളനത്തിൽ, ജിസിസി രാജ്യങ്ങൾക്കിടയിലെ പരസ്പര മത്സരവും തന്ത്രപ്രധാനമായ സഹകരണവും എങ്ങനെ സമന്വയിപ്പിക്കണമെന്ന വിഷയം വിശദമായി പരിശോധിച്ചു. ഇന്റർനാഷണൽ കോൺഗ്രസ് ആൻഡ് കൺവെൻഷൻ അസോസിയേഷൻ (ഐസിസിഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, അന്താരാഷ്ട്ര അസോസിയേഷൻ മീറ്റിങ്ങുകളുടെ കാര്യത്തിൽ മിഡിൽ ഈസ്റ്റ് 2025-ൽ 45 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ ആഗോള ശരാശരി വെറും 22 ശതമാനമായിരുന്നു.
വിദേശ സംഘാടകർ പലപ്പോഴും മിഡിൽ ഈസ്റ്റിനെ ഒറ്റ വിപണിയായി മാത്രമാണ് കാണുന്നതെന്നും, യൂറോപ്യൻ രാജ്യങ്ങളെപ്പോലെ ഓരോ ഗൾഫ് രാജ്യത്തിന്റെയും സവിശേഷതകൾ പ്രത്യേകമായി അടയാളപ്പെടുത്തണമെന്നും ഒവിജി മിഡിൽ ഈസ്റ്റ് സീനിയർ വൈസ് പ്രസിഡന്റ് ഡോ. ഡെബി ക്രിസ്റ്റ്യൻസെൻ ചൂണ്ടിക്കാട്ടി.
മേഖലയുടെ സാമ്പത്തിക വളർച്ച പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ഡയറക്ടർ മറിയം തൂറാനി പറഞ്ഞു. സ്വന്തം സ്വത്വം ഉപേക്ഷിക്കാതെ തന്നെ ഗൾഫ് രാജ്യങ്ങൾക്ക് ഏകോപിത സാന്നിധ്യമായി ആഗോളതലത്തിൽ നിലകൊള്ളാൻ സാധിക്കുമെന്ന് അവർ വ്യക്തമാക്കി.
ബിസിനസ് ഇവന്റുകൾ സംഘടിപ്പിക്കുന്നതിനായി തനത് പൈതൃകത്തിലും സവിശേഷതകളിലും മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന് ഒമാൻ കൺവെൻഷൻ ബ്യൂറോ ഡയറക്ടർ ഖാലിദ് വലീദ് റമദാൻ അൽ സദ്ജാലി ചൂണ്ടിക്കാട്ടി. വേദികളുടെ ഘടനയ്ക്കനുസരിച്ച് പരിപാടികളെ ക്രമീകരിക്കുന്നതാണ് വിദേശ പ്രതിനിധികൾക്ക് വ്യത്യസ്തമായ അനുഭവം നൽകാൻ അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തന്നെ ബിസിനസ് ടൂറിസത്തെ സംയോജിപ്പിച്ചാണ് റാസൽഖൈമ മുന്നേറുന്നതെന്ന് റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി വൈസ് പ്രസിഡന്റ് ഇയാദ് റസ്ബെ വ്യക്തമാക്കി.
ഫിഫ ലോകകപ്പ് പോലെയുള്ള മുൻനിര അന്താരാഷ്ട്ര കായിക-വാണിജ്യ ഇവന്റുകളുടെ നേട്ടങ്ങൾ ഒരു രാജ്യത്തിൽ മാത്രമായി ഒതുങ്ങാതെ മുഴുവൻ ജിസിസി മേഖലയിലേക്കും വ്യാപിപ്പിക്കാൻ സാധിക്കണമെന്ന് വിസിറ്റ് ഖത്തർ ഫെസ്റ്റിവൽസ് ആൻഡ് ഇവന്റ്സ് ഡയറക്ടർ അഹമ്മദ് അൽ ബിനാലി പറഞ്ഞു. ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് ഗൾഫിലെ എംഐസിഇ (MICE) മേഖല വളരുന്നതെന്ന് ആർഎക്സ് ഗ്ലോബൽ റീജിയണൽ പോർട്ട്ഫോളിയോ ഡയറക്ടർ ഡാനിയേൽ കർട്ടിസ് വ്യക്തമാക്കി.
‘ട്രാവൽ 2040: ഇന്നൊവേഷനിലൂടെയും സാങ്കേതികവിദ്യയിലൂടെയും പുതിയ മേഖലകൾ’ എന്ന പ്രമേയത്തിൽ നടക്കുന്ന എടിഎം 2026 സെപ്റ്റംബർ 17 വ്യാഴാഴ്ച സമാപിക്കും.










