ദുബായ്, ഒക്ടോബർ 3, 2026 :ആകാശമധ്യേ വിമാന കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ധീരമായി ചെറുത്തുതോൽപ്പിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ളൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി സന്ദർശിച്ചു.
യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില ഷെയ്ഖ് ഹംദാൻ നേരിട്ട് വിലയിരുത്തി. കടുത്ത പ്രതിസന്ധിയിലും അദ്ദേഹം കാണിച്ച അസാധാരണമായ മനസ്സാന്നിധ്യവും ഉത്തരവാദിത്തബോധവും വാക്കുകൾക്ക് അതീതമാണെന്ന് സന്ദർശനത്തിനു ശേഷം ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
“ധൈര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും മനുഷ്യജീവനുകളോടുള്ള കരുതലിന്റെയും ഏറ്റവും ഉന്നതമായ മാതൃകയാണ് ക്യാപ്റ്റൻ സ്മിത് പ്രകടിപ്പിച്ചത്. ഭരണനേതൃത്വത്തിന്റെയും രാജ്യത്തിന്റെയും പൂർണമായ ആദരവും അഭിനന്ദനങ്ങളും അദ്ദേഹത്തിന് സമർപ്പിക്കുന്നു. നമ്മുടെ ടീമിന്റെയും ഈ നാടിന്റെ ചരിത്രത്തിന്റെയും അഭിമാനകരമായ ഭാഗമാണ് അദ്ദേഹം; കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ജീവന്റെയും നാടായ യുഎഇ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ പ്രതീകം,” ഷെയ്ഖ് ഹംദാൻ കുറിച്ചു.
സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈദുബായ് എഫ്‌സെഡ് 1073 വിമാനത്തിലാണ് ഗുരുതര സുരക്ഷാ സംഭവം അരങ്ങേറിയത്. പറക്കലിനിടയിൽ സഹപൈലറ്റ് ക്യാപ്റ്റൻ മച്ചാറിനെ അപ്രതീക്ഷിതമായി ആക്രമിക്കുകയും വിമാനം നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റിട്ടും ആത്മവീര്യം കൈവിടാതെ ക്യാപ്റ്റൻ കോക്ക്പിറ്റിന്റെ വാതിൽ തുറക്കുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ ക്യാബിൻ ക്രൂവും യാത്രക്കാരും ഒപ്പമുണ്ടായിരുന്ന സഹ പൈലറ്റുമാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി സുരക്ഷിത ലാൻഡിങ് നടത്തുകയുമായിരുന്നു. തബൂക്കിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മച്ചാറിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് എത്തിച്ചത്.
വൻ ദുരന്തം ഒഴിവാക്കാൻ സന്ദർഭോചിതമായി ഇടപെട്ട ക്യാപ്റ്റൻ മച്ചാറിനെയും ക്യാബിൻ ക്രൂവിനെയും സഹയാത്രികരെയും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി അഭിനന്ദിച്ചു. പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യസഹായം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ യുഎഇ അറ്റോർണി ജനറലിന്റെ ഉത്തരവിൻപ്രകാരം പബ്ലിക് പ്രോസിക്യൂഷൻ നിയോഗിച്ച പ്രത്യേക സംഘം സമഗ്രാന്വേഷണം നടത്തുകയാണ്. അന്താരാഷ്ട്ര വ്യോമയാന-സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.










