പൊതുജനങ്ങൾക്ക് സേവനവിവരങ്ങൾ കൂടുതൽ വ്യക്തമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിന്റെ നേട്ടം.
ദുബായ്, യുഎഇ — പൊതുജനങ്ങൾക്ക് സേവനവിവരങ്ങൾ കൂടുതൽ വ്യക്തമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം നാല് രാജ്യാന്തര പ്രൊഫഷണൽ അംഗത്വങ്ങൾ കരസ്ഥമാക്കി. ആശയവിനിമയത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്ന ഇന്റർനാഷനൽ അസോസിയേഷൻ ഫോർ മെഷർമെന്റ് ആൻഡ് ഇവാല്യുവേഷൻ ഓഫ് കമ്മ്യൂണിക്കേഷനിൽ (AMEC) പൂർണ അംഗത്വം നേടുന്ന യുഎഇയിലെ ആദ്യ സർക്കാർ സ്ഥാപനമായി ഇതോടെ ദുബായ് ജിഡിആർഎഫ്എ മാറി.
ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് റിലേഷൻസ് (CIPR), പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ (PRCA), ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്കറ്റിങ് (CIM) എന്നിവയാണ് അംഗത്വം ലഭിച്ച മറ്റ് മൂന്ന് രാജ്യാന്തര സംഘടനകൾ. പൊതുസമ്പർക്ക രംഗത്തെ തൊഴിൽപരവും ധാർമികവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും സ്ഥാപനത്തിന്റെ പൊതുപ്രതിച്ഛായ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ഈ രാജ്യാന്തര വൈദഗ്ധ്യം സഹായകമാകും.
ആശയവിനിമയ പ്രവർത്തനങ്ങൾ നിശ്ചിത ലക്ഷ്യം കൈവരിക്കുന്നുണ്ടോ എന്ന് കൃത്യമായി വിലയിരുത്താനുള്ള ആധുനിക രീതികൾ അമെക് അംഗത്വത്തിലൂടെ ജിഡിആർഎഫ്എയ്ക്ക് ലഭ്യമാകും. രാജ്യാന്തര വിദഗ്ധരുമായി അനുഭവങ്ങൾ പങ്കുവെക്കുന്നതിനും സ്വദേശി ജീവനക്കാരുടെ പ്രൊഫഷണൽ മികവ് ഉയർത്തുന്നതിനും ഈ നാല് അംഗത്വങ്ങളും അവസരമൊരുക്കും.
സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിന് മുൻപ്, ലഭ്യമായ സേവനങ്ങളെക്കുറിച്ചും അവയുടെ നിബന്ധനകളെക്കുറിച്ചും അന്വേഷിക്കുന്ന ഘട്ടത്തിൽത്തന്നെ ഉപഭോക്താവിന്റെ അനുഭവം ആരംഭിക്കുന്നുവെന്ന് ജിഡിആർഎഫ്എ ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽസമദ് ഹുസൈൻ സുലൈമാൻ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നത് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത് എളുപ്പമാക്കുകയും സ്ഥാപനത്തിലുള്ള പൊതുജനവിശ്വാസം വർധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ വിവരങ്ങൾ കണ്ടെത്താനും അനുയോജ്യമായ സേവനം തിരഞ്ഞെടുക്കാനും അപേക്ഷാ നടപടികൾ മനസ്സിലാക്കാനും ജനങ്ങളെ സഹായിക്കുന്ന ഉള്ളടക്കം തയ്യാറാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ ഡോ. നജ്ല ഒമർ അൽ ദൂഖി പറഞ്ഞു. വിവരങ്ങൾ എത്ര പേരിലേക്ക് എത്തുന്നു എന്നതിനൊപ്പം അവ ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്പെടുന്നുണ്ടെന്നും ഏതൊക്കെ മേഖലകളിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നതെന്നും പരിശോധിക്കും. പൊതുജനങ്ങളുടെ അഭിപ്രായങ്ങളോട് എത്രത്തോളം ഫലപ്രദമായി പ്രതികരിക്കുന്നു എന്നതും വിലയിരുത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.
വിവിധ ഭാഷാ, സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വിവരങ്ങൾ തയ്യാറാക്കാനും അവർക്ക് സൗകര്യപ്രദമായ മാധ്യമങ്ങളിലൂടെ അവ എത്തിക്കാനുമാണ് ജിഡിആർഎഫ്എ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾ പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങൾ വിശകലനം ചെയ്ത് സേവനവിവരങ്ങളും മാർഗനിർദേശങ്ങളും കൂടുതൽ മെച്ചപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.










