പ്രാദേശിക സംഗീതജ്ഞർക്ക് അന്താരാഷ്ട്ര വേദി ഒരുക്കാനും വിനോദ-സാംസ്കാരിക മേഖലയിലെ നിക്ഷേപം വർധിപ്പിക്കാനുമായി പുതിയ നിയമം പ്രാബല്യത്തിൽ.
ദുബായ്, ഒക്ടോബർ 10, 2026 : എമിറാത്തി സംഗീത പൈതൃകത്തെ ആഗോളതലത്തിലേക്ക് ഉയർത്താനും കലാരംഗത്തെ തൊഴിൽസാധ്യതകൾ വിപുലീകരിക്കാനും ലക്ഷ്യമിട്ട് ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷന് ഔദ്യോഗികമായി രൂപം നൽകി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാംസ്കാരിക കാഴ്ചപ്പാടുകൾ മുൻനിർത്തി തയ്യാറാക്കിയ പ്രത്യേക നിയമത്തിലൂടെയാണ് ‘ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷൻ’ യാഥാർഥ്യമായത്. ദുബായെ ആഗോള സാംസ്കാരിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം.
സംഗീതത്തിലൂടെ സമൂഹങ്ങളെയും തലമുറകളെയും പരസ്പരം ബന്ധിപ്പിക്കാൻ കഴിയുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ദുബായുടെ സാംസ്കാരിക മുന്നേറ്റത്തിൽ ഫൗണ്ടേഷൻ നിർണായക വഴിത്തിരിവാകും. പ്രാദേശിക കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും എമിറാത്തി തനിമ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും പുതിയ സംവിധാനം അവസരമൊരുക്കും.
പുറത്തുനിന്നുള്ള ഓർക്കസ്ട്ര ട്രൂപ്പുകളെ കൊണ്ടുവരുന്നതിനൊപ്പം സ്വദേശി സംഗീതജ്ഞരെയും മിഡിൽ ഈസ്റ്റിലെ പ്രതിഭകളെയും ഉൾപ്പെടുത്തി സ്ഥിരം സംഗീതവേദികൾ സജ്ജമാക്കുകയാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം. പരമ്പരാഗത അറബ്-എമിറാത്തി സംഗീതത്തെ അന്താരാഷ്ട്ര സിംഫണി ശൈലികളുമായി സമന്വയിപ്പിക്കാനുള്ള പദ്ധതികൾക്കും മുൻഗണന നൽകും.
കലാപ്രവർത്തനങ്ങൾക്കപ്പുറം ദുബായുടെ ക്രിയേറ്റീവ് ഇക്കോണമിക്ക് കരുത്തുപകരാൻ ഈ സംരംഭം വഴിയൊരുക്കുമെന്ന് ശൈഖ ലത്തീഫ ചൂണ്ടിക്കാട്ടി. സംഗീത നിർമ്മാണ മേഖലയിലേക്ക് അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കുക, കലാകാരന്മാർക്ക് സ്ഥിരതയുള്ള വരുമാനവും കരിയറും ഉറപ്പാക്കുക, ലൈവ് ഇവന്റ് മേഖല വിപുലീകരിക്കുക എന്നിവ ഫൗണ്ടേഷന്റെ പ്രവർത്തനപരിധിയിൽ ഉൾപ്പെടുന്നു.
ദുബായുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) സർഗ്ഗാത്മക വ്യവസായങ്ങളുടെ പങ്ക് ഇരട്ടിയാക്കാനുള്ള ദീർഘകാല സാംസ്കാരിക നയത്തിന്റെ ഭാഗമായാണ് പുതിയ നിയമനിർമ്മാണം.










