1968-ൽ ബോട്ടുമാർഗം യുഎഇയിലെത്തി വടക്കൻ എമിറേറ്റുകളിൽ വിദ്യാലയ ശൃംഖല പടുത്തുയർത്തിയ തിരുവനന്തപുരം സ്വദേശി 84-ാം വയസ്സിൽ നാട്ടിൽ നിര്യാതനായി
അജ്മാൻ — അജ്മാനിലെയും ഷാർജയിലെയും വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ലാസർ ഗ്രൂപ്പ്, നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പ് ഓഫ് സ്കൂൾസ് എന്നിവയുടെ സ്ഥാപകനുമായ ഡാനിയൽ ലാസർ (84) കേരളത്തിൽ അന്തരിച്ചു.
തിരുവനന്തപുരം സ്വദേശിയായ ഡാനിയൽ ലാസറിന്റെ നിര്യാണത്തിൽ ഗൾഫിലെ പ്രവാസി സമൂഹവും അധ്യാപക-വിദ്യാർഥി കൂട്ടായ്മകളും അഗാധമായ അനുശോചനം രേഖപ്പെടുത്തി. യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്ക് മിതമായ നിരക്കിൽ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

യുഎഇ രാഷ്ട്രരൂപീകരണത്തിന് മുൻപ്, 1968 ഏപ്രിൽ 8-നാണ് എൻജിനീയറിങ് ബിരുദധാരിയായ ഡാനിയൽ ലാസർ പൂണെയിലെ ടാറ്റാ കമ്പനിയിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ഗൾഫിലേക്ക് തിരിച്ചത്. ഗുജറാത്ത് തീരത്തുനിന്ന് ചെറുബോട്ടിൽ പുറപ്പെട്ട്, പ്രക്ഷുബ്ധമായ അറബിക്കടലിലൂടെ പത്തുദിവസം നീണ്ട സാഹസിക യാത്രയ്ക്കൊടുവിൽ ഖോർഫക്കാൻ തീരത്തെത്തി. ആദ്യകാലത്ത് യുഎഇയിലെ വൈദ്യുതോർജ്ജ മേഖലയിൽ എൻജിനീയറായി സേവനമനുഷ്ഠിച്ച അദ്ദേഹം തന്റെ സത്യസന്ധതയും തൊഴിൽനൈപുണ്യവും കൊണ്ട് ശ്രദ്ധേയനായി.
തുടർന്ന്, നാളെയുടെ തലമുറയ്ക്കായി മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലാസർ ഗ്രൂപ്പിനും നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പിനും രൂപം നൽകി. അജ്മാനിലെ ദ് റോയൽ അക്കാദമി, ദ് ബ്ലൂമിങ്ടൺ അക്കാദമി, ഷാർജയിലെ ദ് ഹോപ് ഇംഗ്ലീഷ് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ ദർശനത്തിന്റെ സാക്ഷാത്കാരമാണ്. മാർക്കുകൾ നേടുന്നതിനപ്പുറം കരുണയും സ്വഭാവശുദ്ധിയും സാമൂഹികപ്രതിബദ്ധതയുമുള്ള പൗരന്മാരെ വാർത്തെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അധ്യാപന മാതൃക.
തനിക്ക് അവസരങ്ങൾ തന്ന യുഎഇയോടുള്ള കടപ്പാട് പുതിയ തലമുറയെ അറിവുള്ളവരാക്കി മാറ്റിക്കൊണ്ടാണ് അദ്ദേഹം തിരിച്ചുനൽകിയത്. കഠിനാധ്വാനവും ആത്മാർഥതയുമുണ്ടെങ്കിൽ ഏതൊരു സ്വപ്നവും യാഥാർഥ്യമാക്കാമെന്ന് അദ്ദേഹം യുവതലമുറയെ നിരന്തരം ഓർമിപ്പിച്ചു.
ഭാര്യ: ശോശാമ്മ ലാസർ. മക്കൾ: ലാൻസൺ ലാസർ, ലിൻസി ലാസർ. നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പ് ചെയർമാനായ മകൻ ലാൻസൺ ലാസറാണ് നിലവിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ദ് റോയൽ അക്കാദമി പ്രിൻസിപ്പൽ ഡോ. പ്രേമ മുരളീധർ, ദ് ബ്ലൂമിങ്ടൺ അക്കാദമി പ്രിൻസിപ്പൽ ഹുസൈന ബീഗം നൂർ ഷെരീഫ്, ദ് ഹോപ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ടെറി ബർവെൽ, സീനിയർ അധ്യാപകരായ കൃപലത, അസ്മാ ഹോസ്നി, ആർജിഎംസി ഭാരവാഹികൾ, യെല്ലോ ബസ് വിഭാഗം ജീവനക്കാർ എന്നിവരടക്കം സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖർ അനുശോചിച്ചു.










