പരിശീലനവും പരീക്ഷയുമില്ലാതെ ലൈസൻസ് കൈമാറ്റ സംവിധാനം ദുരുപയോഗം ചെയ്യാൻ ശ്രമം; ഒന്നിന് ഈടാക്കിയത് 10,000 ദിർഹം, വാങ്ങിയവരും നിയമനടപടി നേരിടേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പ്
ദുബായ്, ഒക്ടോബർ 17, 2026 : വിദേശ യാത്ര നടത്തുകയോ ഡ്രൈവിങ് പരിശീലനവും പരീക്ഷകളും പൂർത്തിയാക്കുകയോ ചെയ്യാത്തവർക്ക് വ്യാജമായി വിദേശ ലൈസൻസുകൾ സംഘടിപ്പിച്ചുനൽകി യുഎഇ ഡ്രൈവിങ് ലൈസൻസ് തരപ്പെടുത്താൻ ശ്രമിച്ച എട്ടംഗ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.
ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യ നിവാരണ വിഭാഗമാണ് (Economic Crimes Department) ആർടിഎ (റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി), യുഎഇ വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സംഘത്തെ പിടികൂടിയത്. വിദേശ ഡ്രൈവിങ് ലൈസൻസുകൾ യുഎഇ ലൈസൻസാക്കി നേരിട്ട് മാറ്റിയെടുക്കാനുള്ള അന്താരാഷ്ട്ര കരാറുകൾ ദുരുപയോഗം ചെയ്താണ് സംഘം റാക്കറ്റ് പ്രവർത്തിപ്പിച്ചിരുന്നത്.
യുഎഇയിലെ ചില ടൈപ്പിങ്–ട്രാൻസാക്ഷൻ സർവീസ് സ്ഥാപനങ്ങളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് പ്രതികൾ ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആ രാജ്യത്തേക്ക് യാത്ര ചെയ്യുകയോ, ഡ്രൈവിങ് ക്ലാസുകളിൽ പങ്കെടുക്കുകയോ, റോഡ് ടെസ്റ്റുകൾ പാസാവുകയോ ചെയ്യാതെ അയൽരാജ്യത്തിന്റെ യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന ലൈസൻസ് ലഭ്യമാക്കാമെന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം.
ഒരു ലൈസൻസിന് 10,000 ദിർഹം വീതമാണ് സംഘം ഈടാക്കിയിരുന്നത്.
അംഗീകൃത രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസുകൾ അധിക പരിശീലനമോ ടെസ്റ്റോ കൂടാതെ യുഎഇ ലൈസൻസുകളാക്കി മാറ്റാൻ (Licence Exchange System) നിലവിൽ നിയമപരമായ സൗകര്യമുണ്ട്. ഈ സംവിധാനത്തിലെ ഇളവുകൾ ചൂഷണം ചെയ്ത് അനധികൃതമായി യുഎഇ ലൈസൻസ് നേടിയെടുക്കുകയായിരുന്നു ഇടപാടുകാരുടെ ലക്ഷ്യം.
ഇത്തരം കുറുക്കുവഴികൾ കേവലമൊരു ചട്ടലംഘനം മാത്രമല്ലെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ശാസ്ത്രീയ പരിശീലനവും കഠിനമായ ടെസ്റ്റുകളും പൂർത്തിയാക്കാത്ത ഡ്രൈവർമാർ നിരത്തിലിറങ്ങുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തും.
ലൈസൻസ് സംഘടിപ്പിച്ചുനൽകിയവർ മാത്രമല്ല, ഇത്തരം അവിഹിത മാർഗ്ഗങ്ങളിലൂടെ പണം നൽകി ലൈസൻസ് സ്വന്തമാക്കാൻ ശ്രമിച്ച ഉപഭോക്താക്കളും തുല്യ കുറ്റക്കാരാണെന്നും അവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ആർടിഎ വഴി പ്രക്രിയ പൂർത്തിയാക്കി മാറ്റിയെടുത്താലും അടിസ്ഥാന രേഖ വ്യാജമാണെന്ന് തെളിഞ്ഞാൽ ലൈസൻസ് റദ്ദാക്കപ്പെടുന്നതിനൊപ്പം ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്യും.
ഡ്രൈവിങ് ലൈസൻസുകൾ നേടാൻ ഔദ്യോഗിക പരിശീലന സ്കൂളുകൾ വഴി മാത്രമേ ശ്രമിക്കാവൂ എന്നും, പരീക്ഷയില്ലാതെ ലൈസൻസ് വാഗ്ദാനം ചെയ്യുന്നവരെക്കുറിച്ച് ഉടൻതന്നെ വിവരമറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.










