ദുബായ്:പ്രവർത്തനമികവും സാമൂഹിക വികസനത്തിന് നൽകിയ സംഭാവനകളും പരിഗണിച്ച് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സിഡിഎ) 27 ലാഭേച്ഛയില്ലാ സംഘടനകളെ ആദരിച്ചു. എമിറേറ്റ്സ് ടവേഴ്സിൽ നടന്ന മൂന്നാമത് ഇത്ത്റാ അവാർഡ് ചടങ്ങിൽലാണ് ഏറ്റവും മികച്ച രീതിയിൽ സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനകളെ ദുബായ് ആദരിച്ചത്. ഗോൾഡ്, സിൽവർ,ബ്രോൺസ് തുടങ്ങിയ വിഭാഗത്തിലാണ് ആദരവ്. അതിന് പുറമെ എക്സലൻസ് പ്രവർത്തനങ്ങൾ നടത്തിയവരെയും മികച്ച പാരിതോഷികങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. സിഡിഎ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദും,സിഡിഎ റെഗുലേഷൻ ആൻഡ് കമ്മ്യൂണിറ്റി സർവീസസ് സെക്ടർ സിഇഒ ഡോ. അഹമ്മദ് അൽ ഹാഷിമിയുമാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്


ഇതോടെ മൂന്ന് പതിപ്പുകളിലായി ആദരിക്കപ്പെട്ട സംഘടനകളുടെ എണ്ണം 82 ആയി.ലാഭേച്ഛയില്ലാ സംഘടനകളുടെ പ്രവർത്തനശേഷി വർധിപ്പിക്കാനും സുസ്ഥിര സാമൂഹിക വികസനത്തിൽ അവയുടെ പങ്ക് ശക്തിപ്പെടുത്താനുമാണ് ഇത്ത്റാ അവാർഡ് ഏർപ്പെടുത്തിയത്. സ്ഥാപന ശാക്തീകരണം, മാനവ–സാമൂഹിക മൂലധന വികസനം, സുസ്ഥിരതയും പ്രവർത്തനമികവും എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ. എട്ട് പ്രധാന മാനദണ്ഡങ്ങളും 23 ഉപമാനദണ്ഡങ്ങളും പരിഗണിച്ചു. നേതൃത്വം, ഭരണനിർവഹണം, തന്ത്രപരമായ ആസൂത്രണം, മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കാനുള്ള കഴിവ്, പ്രവർത്തനക്ഷമത, ഡിജിറ്റൽ പരിവർത്തനം, നവീകരണം, പ്രതിഭാ പരിപാലനം, പങ്കാളിത്തം, സാമൂഹിക സ്വാധീനം, സുസ്ഥിരത, തുടർച്ചയായ മെച്ചപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സമൂഹത്തിന്റെ ആവശ്യങ്ങൾക്കും ദുബായിയുടെ വികസന മുൻഗണനകൾക്കും അനുയോജ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ ലാഭേച്ഛയില്ലാ സംഘടനകൾക്ക് കൂടുതൽ പങ്കുവഹിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് സിഡിഎ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ് പറഞ്ഞു. സർക്കാരും സ്വകാര്യ മേഖലയും ലാഭേച്ഛയില്ലാ സംഘടനകളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിലൂടെ വൈദഗ്ധ്യവും വിഭവങ്ങളും ഒരുമിപ്പിക്കാനും സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ പേരെ പങ്കാളികളാക്കാനും കഴിയുമെന്നും അവർ വ്യക്തമാക്കി.
സംഘടനകളുടെ നിലവിലെ പ്രവർത്തനനിലയും മെച്ചപ്പെടുത്തേണ്ട മേഖലകളും തിരിച്ചറിയാൻ അവാർഡിന്റെ വിലയിരുത്തൽ സംവിധാനം സഹായിക്കുമെന്ന് സിഡിഎ റെഗുലേഷൻ ആൻഡ് കമ്മ്യൂണിറ്റി സർവീസസ് സെക്ടർ സിഇഒ ഡോ. അഹമ്മദ് അൽ ഹാഷിമി പറഞ്ഞു. ഭരണനിർവഹണം, സുതാര്യത, ഉത്തരവാദിത്തം, വിഭവ വിനിയോഗം എന്നിവ മെച്ചപ്പെടുത്താൻ സിഡിഎ തുടർന്നും പിന്തുണ നൽകും. സേവനങ്ങൾ മെച്ചപ്പെടുത്താനും അവയുടെ സാമൂഹിക ഫലം അളക്കാനും സാങ്കേതികവിദ്യയും ഡേറ്റയും ഉപയോഗിക്കാൻ സംഘടനകളെ പ്രോത്സാഹിപ്പിക്കും. വിവിധ മേഖലകളുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് ‘വി ദി യുഎഇ 2031’ കാഴ്ചപ്പാടിനും ദുബായ് സോഷ്യൽ അജൻഡ 33ന്റെ ലക്ഷ്യങ്ങൾക്കും അനുസൃതമായി സാമൂഹിക വികസനത്തിൽ സംഘടനകളുടെ സംഭാവന വർധിപ്പിക്കാനും അവാർഡ് ലക്ഷ്യമിടുന്നു.
മോഡൽ സർവീസ് സൊസൈറ്റി, ജുവനൈൽ അസോസിയേഷൻ, എമിറേറ്റ്സ് ഇന്റലക്ച്വൽ പ്രോപ്പർട്ടി അസോസിയേഷൻ, എമിറേറ്റ്സ് സ്കൗട്ട് അസോസിയേഷൻ, ഇന്ത്യൻ ക്ലബ്, സെൻസസ് റെസിഡൻഷ്യൽ ആൻഡ് ഡേ കെയർ ഫോർ സ്പെഷൽ നീഡ്സ്, എമിറേറ്റ്സ് ചൈൽഡ് പ്രൊട്ടക്ഷൻ അസോസിയേഷൻ, എമിറേറ്റ്സ് ഡൗൺ സിൻഡ്രോം അസോസിയേഷൻ, ദുബായ് സെന്റർ ഫോർ സ്പെഷൽ നീഡ്സ്, ബീകീപ്പേഴ്സ് ഫൗണ്ടേഷൻ,യുഎഇ ജനറ്റിക് ഡിസീസസ് അസോസിയേഷൻ, സൊസൈറ്റി ഓഫ് എൻജിനീയേഴ്സ്–യുഎഇ, അസോസിയേഷൻ ഓഫ് റോട്ടറി ക്ലബ്സ് യുഎഇ, ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ, ദുബായ് ഓഫ്ഷോർ സെയിലിങ് ക്ലബ്, യുഎഇ റെയർ ഡിസീസ് സൊസൈറ്റി, ദുബായ് വിമൻസ് അസോസിയേഷൻ, യുഎഇ കൺജെനിറ്റൽ ഹാർട്ട് അസോസിയേഷൻ, ദുബായ് ഫോക്ലോർ സൊസൈറ്റി, എമിറേറ്റ്സ് അസോസിയേഷൻ ഫോർ മാനേജ്മെന്റ് കൺസൽട്ടന്റ്സ് ആൻഡ് ട്രെയിനേഴ്സ്, യുഎഇ ജേണലിസ്റ്റ്സ് അസോസിയേഷൻ,റോയാതി ഫാമിലി സൊസൈറ്റി, ഏവിയേഷൻ പ്രൊഫഷനൽസ് ക്ലബ്, ഇമാൻ കൾച്ചറൽ സെന്റർ, അസോസിയേഷൻ ഫോർ സ്പോർട്സ്, സൊസൈറ്റി ഓഫ് സസ്റ്റെയ്നബിലിറ്റി ആൻഡ് ഗ്രീൻ മെറ്റീരിയൽസ്, എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ എന്നിവയാണ് വിവിധ വിഭാഗത്തിൽ ആദരിക്കപ്പെട്ടത്










