യുഎഇ ആസ്ഥാനമായ ഹോട്ട്‌പാക്ക് ഇപ്പോൾ ഗൾഫ് വിപണിയിലെ നിർമാണ സാന്നിധ്യം ശക്തിപ്പെടുത്തുന്നു
ദുബായ്, ഒക്ടോബർ 21, 2026: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ഹോട്ട്‌പാക്ക്, ഒമാനിലെ പ്രമുഖ പാക്കേജിംഗ് സ്ഥാപനമായ പ്രൈഡ് പാക്കേജിംഗമായി ചേർന്ന് ഒമാന്റെ വടക്കൻ തീരമേഖലയിലെ പ്രധാന നഗരമായ ബർകയിൽ സംയോജിത പാക്കേജിംഗ് നിർമാണ സമുച്ചയം സ്ഥാപിക്കും.
ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ മത്സ്യബന്ധന കമ്പനിയായ സീ പ്രൈഡിന്റെ കീഴിലുള്ള സ്ഥാപനമാണ് പ്രൈഡ് പാക്കേജിംഗ്. വിവിധ പാക്കേജിംഗ് ഉൽപ്പന്നങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത നിർമാണ സമുച്ചയം ആയിരിക്കും ബർകയിൽ സ്ഥാപിക്കുകയെന്നു കമ്പനി അധികൃതർ പറഞ്ഞു.
ഈയിടെ മസ്‌കറ്റിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (OCCI) സംഘടിപ്പിച്ച ‘ഇൻസ്പയർ ഒമാൻ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ്’ പരിപാടിയിലാണ് പങ്കാളിത്തത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചത്. എച്ച്.എച്ച്. സയ്യിദ് മുഹമ്മദ് സലിം അൽ സഈദ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ അബ്ദുള്ള അൽ റവാസ്തു, ഹോട്ട്‌പാക്ക് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീൻ പി.ബി. എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഗൾഫ് രാജ്യങ്ങളിലെ നിർമാണ ശേഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒമാനിൽ ഇത്തരത്തിലുള്ള ആദ്യ സംയോജിത പാക്കേജിംഗ് നിർമാണ കേന്ദ്രമാണ് ഹോട്ട്‌പാക്ക് സ്ഥാപിക്കുന്നത്. സുസ്ഥിരവും പുനരുപയോഗം നടത്താവുന്നതുമായ പാക്കേജിംഗ് ഉൽപ്പന്നങ്ങൾക്കായുള്ള മേഖലയുടെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി വിവിധ പാക്കേജിംഗ് പരിഹാരങ്ങൾ ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നു ഒമാനിലെ വ്യാവസായിക മേഖലയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് ഹോട്ട്‌പാക്ക് ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൾ ജബ്ബാർ പി.ബി. പറഞ്ഞു.
ഏകദേശം മൂന്ന് പതിറ്റാണ്ടായി ഒമാൻ വിപണിയിൽ പ്രവർത്തിക്കുന്ന ഹോട്ട്പാക്കിന് പ്രാദേശിക നിർമാണ കേന്ദ്രം സ്ഥാപിക്കുന്നത് വിപണി വിപുലീകരിക്കുന്നതിനൊപ്പം ജിസിസി മേഖലയിലെ നിർമാണ ശൃംഖല വിപുലീകരിക്കാനും സഹായിക്കുമെന്നും പദ്ധതിക്ക് പിന്തുണ നൽകുന്ന ഒമാൻ സർക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനിടെ ഒമാനിലും സൗദി അറേബ്യ, മലേഷ്യ, ജോർദാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും നടപ്പാക്കാൻ ലക്ഷ്യമിടുന്ന പ്രധാന പദ്ധതികളും നിക്ഷേപങ്ങളും പാക്കേജിംഗ് രംഗത്ത് മുൻ നിരയിൽ വളരാനുള്ള ഹോട്ട്പാക്കിനെ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു. നിലവിലുള്ള വിപണി സാന്നിധ്യം പ്രയോജനപ്പെടുത്തുന്നതിനൊപ്പം പുതിയ മേഖലകളിലേക്ക് മികച്ച വളർച്ചയും സാമ്പത്തിക മുന്നേറ്റവും കൈവരിക്കുകയാണ് ലക്ഷ്യം. സുസ്ഥിരവും ലാഭകരവുമായ ഭാവി ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും – അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോട്ട്‌പാക്കുമായുള്ള പങ്കാളിത്തം ഒമാനിലെ പാക്കേജിംഗ് വ്യവസായത്തിന്റെ വികസനത്തിലെ പ്രധാന നാഴികക്കല്ലാണ്. ഈ പാക്കേജിംഗ് സമുച്ചയം ഹോട്ട്‌പാക്കിന്റെ അന്താരാഷ്ട്ര നിർമാണ പരിചയവും സാങ്കേതിക മികവും ഞങ്ങളുടെ പ്രാദേശിക വിപണി പരിജ്ഞാനവും പ്രയോജനപ്പെടുത്തുമെന്ന് സീ പ്രൈഡ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒ അമീൻ മുഹമ്മദ് സെയ്ത് പറഞ്ഞു.
ഈ സഹകരണം ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള പാക്കേജിംഗ് ഉൽപ്പന്നങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനും ഒമാനിലെ വിവിധ ബിസിനസുകളുടെ മാറിവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിർമാണ ശേഷി വർധിപ്പിക്കുന്നതിനപ്പുറം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക ഉദ്യോഗാർത്ഥികളെ വളർത്തിയെടുക്കുക, രാജ്യത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് സംഭാവന നൽകുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഒമാൻ വിഷൻ 2040നും രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും അനുസൃതമായാണ് ഈ നീക്കം — അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോട്ട്‌പാക്കിന്റെ വിഷൻ 2030 ആഗോള വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി 2023ൽ പ്രഖ്യാപിച്ച 100 കോടി ദിർഹത്തിന്റെ നിക്ഷേപ പദ്ധതിയുടെ തുടർച്ചയാണ് ഒമാനിലെ പുതിയ സംരംഭം. സൗദി അറേബ്യയിലും ഇന്ത്യയിലും വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച കമ്പനി, 2025ൽ യുഎസ് വിപണിയിലേക്കും 2026ൽ മലേഷ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഒമാനിലെ വ്യാവസായിക മേഖലയിലേക്കുള്ള പ്രവേശനം. അടുത്ത അഞ്ച് വർഷത്തിനിടെ മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഒന്നിലധികം നിർമാണ പദ്ധതികൾ നടപ്പാക്കാനും കമ്പനി ലക്ഷ്യമിടുന്നു.
1998 മുതൽ ഒമാൻ വിപണിയിൽ സാന്നിധ്യമുള്ള ഹോട്ട്‌പാക്കിന്റെ പ്രവർത്തനങ്ങൾ റുവിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയത്തിനു ശേഷം, നൂതന പാക്കേജിംഗ് മേഖലയിലെ വൈദഗ്ധ്യം ഒമാനിലെ ബിസിനസുകൾക്ക് കൂടുതൽ അടുത്തെത്തിക്കുന്നതിനായി പ്രാദേശിക നിർമാണ ശേഷിയിൽ നിക്ഷേപം നടത്തി കമ്പനി വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഒമാനിൽ പാക്കേജിംഗ് ഉൽപ്പന്നങ്ങൾക്കുള്ള പ്രാദേശിക ആവശ്യകത നിറവേറ്റുന്നതിനാണ് പുതിയ നിർമാണ കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ പ്രതിവർഷം ശരാശരി 4.36 ശതമാനം സംയുക്ത വളർച്ചാ നിരക്ക് (CAGR) പ്രതീക്ഷിക്കുന്നു. വലിയ അളവിലുള്ള ഓർഡറുകൾ നിറവേറ്റുന്നതിനും ആഭ്യന്തര പാക്കേജിംഗ് വിതരണ ശേഷി ശക്തിപ്പെടുത്തുന്നതിനും പുതിയ കേന്ദ്രം സഹായിക്കും – അബ്ദുൾ ജബ്ബാർ പറഞ്ഞു.
പ്രൈഡ് പാക്കേജിംഗുമായുള്ള പങ്കാളിത്തം പരസ്പരപൂരകമായ കഴിവുകളെ ഒരുമിപ്പിക്കുന്നു. അന്താരാഷ്ട്ര നിർമാണ പരിചയം, സാങ്കേതിക നിലവാരങ്ങൾ, ഉൽപ്പന്ന നവീകരണം എന്നിവ ഹോട്ട്‌പാക്ക് സംഭാവന ചെയ്യുമ്പോൾ ഒമാനിലെ വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും നിലവിലുള്ള പ്രവർത്തന ശൃംഖലയും പ്രൈഡ് പാക്കേജിംഗ് നൽകുന്നു. ഈ കൂട്ടായ്മ ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായി സേവനം നൽകാനും വിപണിയുടെ ആവശ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും സഹായിക്കുമെന്നും
ഒമാന്റെ വ്യാവസായിക വളർച്ചയിൽ പങ്കാളിത്തം വഹിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പ്രാദേശിക ഉൽപ്പാദന ശേഷി വർധിപ്പിക്കാനും ഗുണമേന്മയുള്ള പാക്കേജിംഗ് ഉൽപ്പന്നങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനുള്ള ശേഷി ശക്തിപ്പെടുത്താനും ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ പാക്കേജിംഗ് ഉൽപ്പന്നങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതിനൊപ്പം ഒമാനിലെ വളർന്നുവരുന്ന വ്യാവസായിക മേഖലയെ പിന്തുണയ്ക്കാൻ ആവശ്യമായ സാങ്കേതികവും നിർമാണപരവുമായ ശേഷികൾ വികസിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു – അദ്ദേഹം പറഞ്ഞു.
17 രാജ്യങ്ങളിലായി 25 നിർമാണ കേന്ദ്രങ്ങളുള്ള ഹോട്ട്‌പാക്ക്, 4,500-ലധികം ഉൽപ്പന്നങ്ങൾ 107 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഭക്ഷ്യവ്യവസായം, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ആരോഗ്യപരിചരണം, ഫാർമസ്യൂട്ടിക്കൽസ്, പാക്കേജ്ഡ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങിയ വിവിധ മേഖലകൾക്കായി കമ്പനി പാക്കേജിംഗ് പരിഹാരങ്ങൾ ലഭ്യമാക്കുന്നു.










