താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും വിസ നടപടികൾക്കൊപ്പം ആരാധകർക്കുള്ള സമ്മാനങ്ങളും പങ്കാളിത്തത്തിന്റെ ഭാഗമാകും; ഡിസംബർ ഒന്നിന് ദേശീയ ദിനാഘോഷം.
ദുബായ്, യു.എ.ഇ — ഡിപി വേൾഡ് ഇന്റർനാഷണൽ ലീഗ് ടി20 (ഐഎൽടി20) അഞ്ചാം സീസണിൽ ദുബായ് ക്യാപിറ്റൽസിന്റെ അസോസിയേറ്റ് പാർട്ണറായി അൽ നഹ്ദ സെന്റർ (Al Nahda Centre) പ്രവർത്തിക്കും. അനാന്തര ഡൗൺടൗൺ ദുബായ് ഹോട്ടലിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയുടെ 55-ാം ദേശീയ ദിനത്തോടനുബന്ധിച്ച ആഘോഷ പരിപാടികളും ചടങ്ങിൽ പ്രഖ്യാപിച്ചു.
നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ‘നൂർ’ എന്ന റോബോട്ട് അവതരണ പ്രഭാഷണം നടത്തിയാണ് വാർത്താസമ്മേളനത്തിന് തുടക്കമിട്ടത്. സേവനങ്ങളിൽ പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

അൽ നഹ്ദ സെന്ററിനെ പ്രതിനിധീകരിച്ച് സിഇഒ നബീൽ അഹമ്മദ് മുഹമ്മദ്, ഡയറക്ടർ റഷീദ് അസ്ലം എന്നിവരും ജിഎംആർ സ്പോർട്സിനെ പ്രതിനിധീകരിച്ച് ചീഫ് കൊമേഴ്സ്യൽ ഓഫീസറും റഗ്ബി പ്രീമിയർ ലീഗ് മേധാവിയുമായ സുജോയ് ഗാംഗുലി, ജിഎംആർ ഗ്രൂപ്പ് കോർപ്പറേറ്റ് ഫിനാൻസ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് അജിത്ത് ഗോപിനാഥൻ നായർ എന്നിവരും കരാറിൽ ഒപ്പുവച്ചു. യുഎഇ ദേശീയ ടീം താരം ഹൈദർ അലി, അൽ നഹ്ദ സെന്റർ ഓപ്പറേഷൻസ് ഡയറക്ടർ ഫൈസൽ ബിൻ മുഹമ്മദ്, ദുബായ് ക്യാപിറ്റൽസ് എജിഎം (സ്പോർട്സ് ഓപ്പറേഷൻസ്) ശിവ കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദുബായ് ക്യാപിറ്റൽസ് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും ആവശ്യമായ വിസ നടപടികൾ പൂർണ്ണമായി കൈകാര്യം ചെയ്യുന്നത് അൽ നഹ്ദ സെന്ററായിരിക്കും. സംയുക്ത ബ്രാൻഡിംഗ്, ആരാധകർക്കായുള്ള പരിപാടികൾ, ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ എന്നിവയും കരാറിന്റെ ഭാഗമാണ്.
പുതിയ ജോലിയിൽ പ്രവേശിക്കുക, കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരിക, ബിസിനസ് ആരംഭിക്കുക തുടങ്ങി ഓരോ അപേക്ഷയ്ക്ക് പിന്നിലും വ്യക്തികളുടെ ജീവിതയാത്രകളുണ്ടെന്ന് റഷീദ് അസ്ലം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ക്രിക്കറ്റിലൂടെ ഒന്നിപ്പിക്കുന്ന ദുബായ് ക്യാപിറ്റൽസുമായി സഹകരിക്കുന്നത് കൂടുതൽ താമസക്കാരിലേക്ക് സേവനങ്ങൾ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“മെനി നാഷണാലിറ്റീസ്. യുണൈറ്റഡ് അണ്ടർ വൺ ഫ്ലാഗ്” (Many Nationalities. United Under One Flag) എന്ന പ്രമേയത്തിൽ ഡിസംബർ ഒന്നിനാണ് അൽ നഹ്ദ സെന്ററിൽ 55-ാം ദേശീയ ദിനാഘോഷം നടക്കുന്നത്. ഔദ്യോഗിക പതാക ഉയർത്തൽ, പരമ്പരാഗത എമിറാത്തി കലാപരിപാടികൾ, വിവിധ സംസ്കാരങ്ങളെ ഉൾപ്പെടുത്തിയുള്ള പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടും. ഉപഭോക്താക്കളും ജീവനക്കാരും പങ്കാളികളും ചടങ്ങിൽ പങ്കെടുക്കും.










