ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിൽ അധ്യക്ഷത വഹിച്ച് ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി; നിർമ്മിത ബുദ്ധി അധിഷ്ഠിത ജിയോസ്പേഷ്യൽ ഇന്റലിജൻസ് സെന്റർ നിലവിൽ വരും.
ഷാർജ, യു.എ.ഇ : ഗവേഷണ രംഗത്തും ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ ചുവടുവെപ്പുകളുമായി അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ (എ.യു.എസ്). രണ്ട് പുതിയ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ ആരംഭിക്കാനും നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ജിയോസ്പേഷ്യൽ ഇന്റലിജൻസ് കേന്ദ്രം സ്ഥാപിക്കാനും സർവകലാശാലാ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗീകാരം നൽകി.
ഗവേഷണ രംഗത്തും ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ ചുവടുവെപ്പുകളുമായി അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ (എ.യു.എസ്). രണ്ട് പുതിയ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ ആരംഭിക്കാനും നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ജിയോസ്പേഷ്യൽ ഇന്റലിജൻസ് കേന്ദ്രം സ്ഥാപിക്കാനും സർവകലാശാലാ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗീകാരം നൽകി.
എ.യു.എസ് പ്രസിഡന്റും ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സണുമായ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ കാമ്പസിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.



2027 ലെ ശരത്കാല സെമസ്റ്റർ (Fall 2027) മുതൽ രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കും. വ്യവസായ-വാണിജ്യ മേഖലകളിലെ ഉന്നതതല നേതൃത്വത്തിന് അനുയോജ്യമായ എക്സിക്യൂട്ടീവ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (EMBA), ജി.സി.സിയിലെ ആഡംബര വിപണിക്ക് അനുയോജ്യമായ മാനവവിഭവശേഷി ലക്ഷ്യമിട്ടുള്ള മാസ്റ്റർ ഓഫ് സയൻസ് ഇൻ ലക്ഷ്വറി മാർക്കറ്റിംഗ് ആൻഡ് മാനേജ്‌മെന്റ് എന്നിവയാണ് പുതുതായി അനുവദിച്ച പ്രോഗ്രാമുകൾ.
ഡാറ്റാ സാങ്കേതികവിദ്യയിലും ഗവേഷണത്തിലും സർവകലാശാലയുടെ ശേഷി വർധിപ്പിക്കാൻ ‘സെന്റർ ഫോർ ജിയോസ്പേഷ്യൽ ഇന്റലിജൻസ്’ സ്ഥാപിക്കും. ജിയോസ്പേഷ്യൽ വിവരങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഈ കേന്ദ്രത്തിന്റെ നേതൃത്വം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിലെ പ്രൊഫസർ ഡോ. ഹുസ്നി ഗെദീറയ്ക്കാണ്.
ഗവേഷണ കേന്ദ്രങ്ങളുടെ പ്രവർത്തന ലക്ഷ്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതിനായി കാമ്പസിലെ നിലവിലുള്ള പ്രധാന ലബോറട്ടറികളും കേന്ദ്രങ്ങളും പുനഃസംഘടിപ്പിച്ചു:
- നിർമ്മിത ബുദ്ധിയും റോബോട്ടിക്സും കൈകാര്യം ചെയ്യുന്ന കേന്ദ്രം ‘എ.ഐ, റോബോട്ടിക്സ് ആൻഡ് കണക്റ്റഡ് ഇൻഫ്രാസ്ട്രക്ചർ റിസർച്ച് സെന്റർ’ എന്ന് പുനർനാമകരണം ചെയ്തു. ഡോ. ഉമിത് കാലിയാണ് ഡയറക്ടർ.
- ബയോസയൻസസ് കേന്ദ്രത്തെ ‘സെന്റർ ഫോർ ബയോമെഡിക്കൽ ഇന്നൊവേഷൻസ്’ എന്ന് മാറ്റി. പ്രൊഫസർ ഡോ. മജീദ് വർക്കിയാനി നേതൃത്വം നൽകും.
- സ്കൂൾ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള ഫിനാൻഷ്യൽ മാർക്കറ്റ്സ് ആൻഡ് ബാങ്കിംഗ് അക്കാദമിയെ ‘ഫിനാൻഷ്യൽ മാർക്കറ്റ്സ് ആൻഡ് ബാങ്കിംഗ് സെന്റർ ഓഫ് എക്സലൻസ്’ ആയി ഉയർത്തി.
- സംരംഭകത്വ കേന്ദ്രത്തെ ‘സെന്റർ ഫോർ എന്റർപ്രണർഷിപ്പ് ആൻഡ് ഇന്നൊവേഷൻ’ എന്ന് മാറ്റി പുനഃസംഘടിപ്പിച്ചു. ഡോ. ജെയ് സ്ക്വാലിയാണ് ഡയറക്ടർ.
ആഗോളതലത്തിൽ സർവകലാശാലയുടെ അക്കാദമിക് സാന്നിധ്യം ഉറപ്പിക്കുന്നതിനൊപ്പം യു.എ.ഇയുടെയും മേഖലയുടെയും തൊഴിൽ-സാമ്പത്തിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതാണ് പുതിയ തീരുമാനങ്ങളെന്ന് ശൈഖ ബുദൂർ വ്യക്തമാക്കി. സർവകലാശാലയുടെ ദീർഘകാല ലക്ഷ്യങ്ങളുമായി കോഴ്സുകളെയും ഗവേഷണങ്ങളെയും സമന്വയിപ്പിക്കാനാണ് മുൻഗണനയെന്ന് ചാൻസലർ ഡോ. ടോഡ് എ. ലോർസെൻ പറഞ്ഞു.
കാമ്പസ് നവീകരണത്തിന്റെ ഭാഗമായി വിദ്യാർഥിനികളുടെ ഹോസ്റ്റൽ ബ്ലോക്ക് ഡി (Female Hall D) ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചു. മുറികൾ, കമ്മ്യൂണിറ്റി ഏരിയകൾ, ഐ.ടി സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.










