700 മീറ്റർ നീളമുള്ള തീരദേശ വിനോദസഞ്ചാര പദ്ധതി ഡിസംബറിൽ തുറക്കും; ഖത്മ് അൽ മലാഹയിലെ പുരാതന ശിലാലിഖിതങ്ങൾ പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നു
ഷാർജ : ഷാർജയുടെ കിഴക്കൻ തീരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൽബ ബീച്ച് വികസന പദ്ധതിയുടെ 75 ശതമാനം നിർമാണ ജോലികളും പൂർത്തിയായതായി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ശൂറൂഖ്) അറിയിച്ചു. വരുന്ന ഡിസംബറോടെ പദ്ധതി നാടിന് സമർപ്പിക്കും.
ഒമാൻ ഉൾക്കടലിന്റെ തീരത്ത് 700 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന ബീച്ച് പദ്ധതി പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 11 വാണിജ്യ യൂണിറ്റുകൾ, ജോഗിങ് ട്രാക്ക്, സൈക്ലിങ് പാത, ഫുട്ബോൾ-വോളിബോൾ കോർട്ടുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. നിശ്ചയദാർഢ്യക്കാർക്ക് (ഭിന്നശേഷിക്കാർ) എളുപ്പത്തിൽ സഞ്ചരിക്കാവുന്ന റാമ്പുകൾ, പ്രാർത്ഥനാ മുറികൾ, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിക്കുന്നുണ്ട്.
ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ ‘അൽ ഖത് അൽ മുബാഷർ’ പരിപാടിയിലാണ് ശൂറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീർ പദ്ധതികളുടെ വിശദാംശങ്ങൾ പങ്കുവെച്ചത്. കണ്ടൽക്കാടുകളും പ്രകൃതി സംരക്ഷണ മേഖലകളും സ്ഥിതിചെയ്യുന്ന പരിസ്ഥിതിലോല പ്രദേശമായതിനാൽ പരിസ്ഥിതി സൗഹൃദ മാതൃകയിലാണ് ബീച്ച് നിർമിക്കുന്നത്. പുനരുപയോഗ സാമഗ്രികൾ, റാംഡ് എർത്ത് നിർമാണ ശൈലി, സൗരോർജ്ജ സംവിധാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്ന പദ്ധതി ബ്ലൂ ഫ്ലാഗ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൂർത്തിയാക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗത്തിന് വേദിയൊരുക്കിക്കൊണ്ട് ഡിസംബറിൽ ബീച്ച് സന്ദർശകർക്കായി തുറന്നുകൊടുക്കാനാണ് അധികൃതരുടെ തീരുമാനം.



തീരദേശ പദ്ധതിക്കൊപ്പം മേഖലയിലെ ചരിത്ര പ്രാധാന്യമുള്ള ‘കൽബ റോക്ക് ആർട്ട് സെന്റർ’ നിർമാണവും പുരോഗമിക്കുകയാണ്. പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ് നിർമിക്കുന്ന ഈ കേന്ദ്രം 2027 രണ്ടാം പാദത്തിൽ പ്രവർത്തനസജ്ജമാകും.
യുഎഇയിലെ തന്നെ ഏറ്റവും വലിയ ശിലാലിഖിത കേന്ദ്രങ്ങളിലൊന്നായ ഖത്മ് അൽ മലാഹയിലാണ് റോക്ക് ആർട്ട് സെന്റർ സ്ഥാപിക്കുന്നത്. 150-ലധികം പാറക്കൂട്ടങ്ങളിലായി കൊത്തിവെച്ചിട്ടുള്ള 400-ലധികം പ്രാചീന ചിത്രങ്ങളും ലിഖിതങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. നവീന ശിലായുഗം മുതൽ വെങ്കല, ഇരുമ്പ് യുഗങ്ങളിലൂടെയും 19-ാം നൂറ്റാണ്ടിലൂടെയും കടന്നുപോകുന്ന നീണ്ട ചരിത്രമാണ് ഈ കേന്ദ്രത്തിനുള്ളത്. മൃഗങ്ങളുടെ രൂപങ്ങൾ, കുതിരസവാരി, പുരാതന ചെമ്പ് ഉരുക്കൽ രീതികൾ എന്നിവ ചിത്രീകരിക്കുന്ന ലിഖിതങ്ങൾക്ക് പുറമെ പുരാതന കല്ലു വീടുകളുടെ അവശിഷ്ടങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
സ്ഥിരം പ്രദർശന ഗാലറി, വിർച്വൽ റിയാലിറ്റി (VR) സംവിധാനങ്ങൾ, വിദ്യാർത്ഥികൾക്കും ചരിത്ര ഗവേഷകർക്കുമുള്ള പ്രത്യേക പഠനകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് റോക്ക് ആർട്ട് സെന്റർ. ഷാർജ പുരാവസ്തു അതോറിറ്റിയും ഗ്ലോബൽ ഡിജിറ്റൽ ഹെറിറ്റേജും ചേർന്ന് ഈ ശിലാലിഖിതങ്ങളുടെ ഉയർന്ന നിലവാരത്തിലുള്ള ഡിജിറ്റൽ പകർപ്പുകൾ ഇതിനകം തയ്യാറാക്കുന്നുണ്ട്.
കൽബയിലെ കിംഗ്ഫിഷർ റിട്രീറ്റ്, നൊമാഡ് ഷാർജ റിട്രീറ്റ്, കൽബ വാട്ടർഫ്രണ്ട് തുടങ്ങിയ ശൂറൂഖിന്റെ നിലവിലെ പദ്ധതികൾക്ക് പുതിയ ബീച്ചും റോക്ക് ആർട്ട് സെന്ററും കൂടുതൽ കരുത്തുപകരുമെന്ന് അഹമ്മദ് ഉബൈദ് അൽ ഖസീർ വ്യക്തമാക്കി. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് പ്രകൃതിസൗന്ദര്യവും പൈതൃകവും ചോർന്നുപോകാതെ കിഴക്കൻ പ്രവിശ്യയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.










