ആത്മകഥയുടെ ഇംഗ്ലീഷ്, അറബി, പതിപ്പുകൾ ഉടൻ പുറത്തിറങ്ങും
ഷാർജ: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവ’ത്തിന്റെ കന്നഡ പതിപ്പ് ‘പ്രീതിയിന്ത’, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി രചിച്ച കുട്ടികൾക്കായുള്ള പുസ്തകപരമ്പര ‘ബെഡ്ടൈം സ്റ്റോറീസ്’ എന്നിവ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശിതമായി. കോഴിക്കോട് മർകസ് നോളജ് സിറ്റിയിലെ മലൈബാർ പ്രസ്സാണ് രണ്ടു പുസ്തകങ്ങളുടെയും പ്രസാധകർ.
മലയാളത്തിൽ ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കാന്തപുരം ഉസ്താദിന്റെ ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ് കന്നഡ വായനക്കാർക്കായി ‘പ്രീതിയിന്ത’ എന്ന പേരിൽ പുറത്തിറങ്ങിയത്. അറബി, ഇംഗ്ലീഷ് പതിപ്പുകൾക്ക് പുറമെ പത്ത് ഇന്ത്യൻ ഭാഷകളിൽ കൂടി ആത്മകഥ ഉടൻ വായനക്കാരിലേക്ക് എത്തും.
കുട്ടികൾക്കായി രചിച്ച പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെയും സ്വഹാബിമാരുടെയും ഹൃദയസ്പർശിയായ ജീവിതകഥകളുടെ ആറ് പുസ്തകങ്ങളടങ്ങിയ പ്രീമിയം സെറ്റാണ് ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസ്’. ആകർഷകമായ ചിത്രങ്ങളും ആക്ടിവിറ്റി പേജുകളും ഉൾപ്പെടുത്തി 30 പ്രചോദനാത്മകമായ കഥകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ചടങ്ങിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, ഷാർജ ബുക്ക് അതോറിറ്റി ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ സഈദ് മുഹമ്മദ് അൽ ഹുസൈനി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അബ്ദുൽ അസീസ് സഖാഫി മമ്പാട് (ഐ.സി.എഫ് ഇന്റർനാഷണൽ പ്രസിഡന്റ്), സിറാജ് ദിനപത്രം യു.എ.ഇ ജനറൽ മാനേജർ ശരീഫ് കാരശ്ശേരി, അഫ്സൽ കൊളാരി, മുഹ്‌സിൻ എ.കെ, യാസീൻ ഫവാസ്, അഡ്വ. ആനിസ് നൂറാനി എന്നിവർ സംബന്ധിച്ചു. പുസ്തകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും കോപ്പികൾക്കുമായി 0561421765 എന്ന നമ്പറിലോ +91 7034022055 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.
ഫോട്ടോ ക്യാപ്ഷൻ: ആത്മകഥയുടെ കന്നഡ പതിപ്പ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഷാർജ ബുക്ക് അതോറിറ്റി ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ സഈദ് മുഹമ്മദ് അൽ ഹുസൈനിക്ക് നൽകി പ്രകാശനം ചെയ്യുന്നു










