സെനഗലുമായി സഹകരിച്ച് നടത്തുന്ന സമ്മേളനത്തിൽ ആഗോള ജലസുരക്ഷയും ബഹുരാഷ്ട്ര സഹകരണവും പ്രധാന ചർച്ചയാകും
അബുദാബി, യുഎഇ — ഐക്യരാഷ്ട്രസഭയുടെ 2026 ജലസമ്മേളനത്തിൽ പങ്കെടുക്കാൻ ലോകരാജ്യങ്ങളെ ഔദ്യോഗികമായി ക്ഷണിച്ച് യുഎഇ. ഡിസംബർ 8 മുതൽ 10 വരെ അബുദാബിയിലാണ് സമ്മേളനം നടക്കുന്നത്. സെനഗൽ റിപ്പബ്ലിക്കുമായി സഹകരിച്ചാണ് യുഎഇ ഈ ആഗോള ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് അന്താരാഷ്ട്ര സമൂഹത്തെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. ജലവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ രാജ്യാതിർത്തികൾക്കപ്പുറമുള്ളതാണെന്നും അവ പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും കൂട്ടായ പ്രവർത്തനവും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തിൽ ബഹുരാഷ്ട്ര സഹകരണത്തിന് ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണിതെന്ന് ശൈഖ് അബ്ദുല്ല ബിൻ സായിദ് ചൂണ്ടിക്കാട്ടി. പൊതുവായ വെല്ലുവിളികളെ സുസ്ഥിരമായ പുരോഗതിക്കുള്ള അവസരങ്ങളാക്കി മാറ്റാൻ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും. ആഗോള ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഭാവി പദ്ധതികളും കൂട്ടായ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനുള്ള സുപ്രധാന വേദിയായിരിക്കും ഇത്. സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്ന ‘ദി ഓയാസിസ്’ (The Oasis) എന്ന പ്രത്യേക വേദിയിലൂടെ ആഗോള നേതാക്കളുമായി ആശയവിനിമയം നടത്താനും ജലസുരക്ഷയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പങ്കാളികളാകാനും പ്രതിനിധികൾക്ക് അവസരമുണ്ടാകും.










