അബുദാബി: പ്രവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് അഞ്ച് ദശാബ്ദങ്ങളായി കരുത്താകുന്ന അബുദാബി ഇന്ത്യൻ സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്നു. 50 വർഷം പൂർത്തിയാക്കുന്ന വേളയിൽ, ഫെബ്രുവരി 1ന് ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ, യുഎഇയുടെ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. അബുദാബി ഇന്ത്യൻ സ്കൂൾ ക്യാംപസിലാണ് ചടങ്ങുകൾ നടക്കുക.
1975ൽ 59 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് പ്രതിവർഷം 5,000ത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന, യുഎഇയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളർന്നു. ലോകമെമ്പാടുമായി രണ്ടുലക്ഷത്തിലധികം പൂർവ്വവിദ്യാർത്ഥികളുടെ ശക്തമായ ശൃംഖലയാണ് സ്കൂളിനുള്ളത്. അക്കാദമിക മികവിനൊപ്പം പാഠ്യേതര മേഖലകളിലും സ്കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
ഫെബ്രുവരി 1ന് വൈകിട്ട് 4 മുതൽ 6 വരെ നടക്കുന്ന ഗോൾഡൻ ജൂബിലി ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുക്കുമെന്ന് വൈസ് ചെയർമാൻ ശരദ് ഭണ്ഡാരി അറിയിച്ചു.
എഡ്യൂക്കേഷൻ ഹെഡ് ഷബീർ എം.എം., പ്രിൻസിപ്പൽ ഋഷി പടേഗാവ്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. അബുദാബിയിലെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചമേകാനും അവസരം ഒരുക്കിയ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടും നിലവിലെ ഭരണനേതൃത്വത്തോടും സ്കൂൾ അധികൃതർ നന്ദി രേഖപ്പെടുത്തി.
English Summary (mm₹Abu Dhabi Indian School is set to celebrate its Golden Jubilee, marking 50 years of educational excellence. The year-long celebrations will be inaugurated on February 1 by UAE Minister of Tolerance and Coexistence Sheikh Nahyan bin Mubarak Al Nahyan, in the presence of Chairman M.A. Yusuffali. Founded in 1975 with just 59 students, the school now educates around 5,000 students annually and has a global alumni network of over 200,000. The inaugural event will be held at the school campus from 4 PM to 6 PM, with students, parents, alumni, and community leaders in attendance.









































