കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി. സീമയെ സുഹൃത്ത് വിജയൻ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണസംഘം അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചതിന്റെ വ്യക്തമായ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിന് ശേഷം ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട വിജയനെ മാട്ടൂലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയൽവാസികളായ ഇരുവരും ഇന്നലെ ഉച്ചയോടെ പറശ്ശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്തതായാണ് വിവരം.
ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ വിജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.










































