സ്വകാര്യമേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി യുഎഇ. യുഎഇ മന്ത്രിസഭായോഗത്തിന്റേതാണ് തീരുാനം. 2025 ജനുവരി ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. തൊഴിലുടമതന്നെ ഇന്‍ഷുറന്‍സിനായുള്ള ചെലവ് വഹിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സ്ഥാപനങ്ങള്‍ താമസ വിസയ്ക്കായി അപേക്ഷിക്കുന്ന സമയത്തോ പുതുക്കുമ്പോഴോ ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തണം.
ദുബൈ അബൂദബി എമിറേറ്റുകളില്‍ നിലവില്‍ ജീവനക്കാര്‍ക്ക് ആരോഗ്യഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെങ്കിലും മറ്റ് എമിറേറ്റുകളിലെ സ്വകാര്യമേഖലയിലേക്ക്കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ്. വീട്ടുജോലിക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പുവരുത്തണം എന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്.
തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രാജ്യത്തെ 98.8 ശതമാനം ജീവനക്കാരും ചേര്‍ന്നതായും മന്ത്രിസഭാ യോഗം വിലയിരുത്തി. സ്വകാര്യ-ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരടക്കം 72 ലക്ഷം ജീവനക്കാരാണ് പദ്ധതിയില്‍ ചേര്‍ന്നത്. രാജ്യത്ത് തൊഴില്‍ തര്‍ക്കങ്ങള്‍ കുറഞ്ഞുവെന്നും മന്ത്രിസഭ വിലയിരുത്തി. 2023 ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 75% കുറവ് തൊഴില്‍ തര്‍ക്കങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈവര്‍ഷം മാര്‍ച്ച് വരെ 98% തൊഴില്‍ തര്‍ക്കങ്ങളും രമ്യമായി പരിഹരിച്ചുവെന്നും മന്ത്രിസഭ വിലയിരുത്തി.