റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ. ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യസുരക്ഷയെയും സ്ഥിരതയെയും തകര്‍ക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെയും പൂര്‍ണമായും എതിര്‍ക്കുന്നുവെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവിയും സംഭവത്തില്‍ അപലപിച്ചു. ലോകത്തിലെ ഏത് പ്രദേശത്തും സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിടുന്ന എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും ഭീകരതയെയും നിരാകരിക്കുന്നതില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഉറച്ച നിലപാട് സെക്രട്ടറി ജനറല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. റഷ്യന്‍ സര്‍ക്കാരിനോടും ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിച്ചു.