യുഎഇയിലെ കൂടുതൽ എമിറേറ്റുകളിലേക്ക് സർവിസ് വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ദുബൈ ടാക്സി കമ്പനി (ഡി.ടി.സി). ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിക്കിടെ ഖലീജ് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കമ്പനി സി.ഇ.ഒ മൻസൂർ റഹ്മ അൽ ഫലാസിയാണ് സർവിസ് വിപുലീകരണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.ഡിജിറ്റൽ ടാക്സി സർവിസ് പ്ലാറ്റ്ഫോം ബിസിനസ് കൂടാതെ ടാക്സി, ലിമോസിൻ സർവിസുകൾ കൂടി മറ്റ് എമിറേറ്റുകളിൽ ആരംഭിക്കാനാണ് ആലോചന. നിലവിൽ ദുബൈയിൽ മാത്രമാണ് കമ്പനിക്ക് സർവിസുള്ളത്. ഇത് മറ്റ് എമിറേറ്റുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ബിസിനസ് സാധ്യതകളെ കുറിച്ച് പഠിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.1994ൽ ആരംഭിച്ച സ്ഥാപനം 2023ൽ പൊതു ഓഹരി പങ്കാളിത്തമുള്ള കമ്പനിയായി മാറ്റിയിരുന്നു. നിലവിൽ 6,000 ടാക്സികൾ ഉൾപ്പെടെ 9,000 വാഹനങ്ങളാണ് ദുബൈ ടാക്സിക്കായി സർവിസ് നടത്തുന്നത്. ടാക്സി, വി.ഐ.പി ലിമോസിൻ, ബസുകൾ, ഡെലിവറി സേവനങ്ങൾ എന്നീ നാല് മേഖലകളിലായി 17,500 ജീവനക്കാരും ഡി.ടി.സിയിൽ ജോലി ചെയ്യുന്നുണ്ട്. സർവിസ് വിപുലീകരണത്തിന്റെ ഭാഗമായി ലിമോസിൻ സർവിസുകൾക്കായി ആഗോള ഇ-ഹെയ്ലിങ് പ്ലാറ്റ്ഫോമായ ബോൾട്ടുമായി കഴിഞ്ഞ ഡിസംബറിൽ ഡി.ടി.സി ധാരണയിലെത്തിയിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ പതിവ് ടാക്സി സർവിസുകളും ബോട്ടിലൂടെ ലഭിച്ചേക്കുമെന്ന് അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു. തലബാത്തുമായി സഹകരിച്ചു കൊണ്ട് അബൂദബിയിൽ ഡി.ടി.സി ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള സർവിസ് നടത്തിവരുന്നുണ്ട്. കൂടാതെ റാസൽ ഖൈമയിലും അജ്മാനിലും സ്കൂൾ ബസുകളും ഡി.ടി.സി പ്രവർത്തിപ്പിച്ചുവരുന്നു.