കൊച്ചി: ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിന്റെ വാടക നിരക്കിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ ഒടുവിൽ ഒത്തുതീർപ്പ്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെന്റ് അതോറിറ്റിയും (ജി.സി.ഡി.എ) തമ്മിലുള്ള ചർച്ചകൾ ഫലപ്രദമായി അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സ് ഇനി കലൂരിൽ തന്നെ കളി തുടരും.
പുതിയ തീരുമാനപ്രകാരം ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപയാണ് വാടകയായി നൽകേണ്ടത്. ജി.സി.ഡി.എ ആദ്യം ആവശ്യപ്പെട്ട 4.25 ലക്ഷം രൂപയിൽ നിന്ന് കുറവ് വരുത്തിയാണ് ഈ ഒത്തുതീർപ്പ്. അതേസമയം, കോഷൻ ഡെപ്പോസിറ്റായി ആവശ്യപ്പെട്ട തുക യഥാവതിയായി നൽകാനും ക്ലബ് സമ്മതിച്ചു.
ജി.സി.ഡി.എ എക്സിക്യൂട്ടീവ് യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. പുതിയ നിബന്ധനകൾ പ്രകാരമുള്ള കരാർ ഉടൻ തയ്യാറാക്കി ഇരുകൂട്ടരും ഒപ്പുവെക്കും. ഇക്കാര്യം ജി.സി.ഡി.എ ക്ലബിനെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്.
വാടക വർധനയെ തുടർന്ന് ക്ലബും അതോറിറ്റിയും തമ്മിൽ രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സ്റ്റേഡിയം ഉപയോഗിക്കുന്നതിൽ പോലും അനിശ്ചിതത്വം ഉണ്ടായി. തുടർന്ന് വ്യവസായ മന്ത്രി പി. രാജീവ് ഇടപെട്ടതോടെയാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്.
സാധാരണയായി ക്ലബ് ഒരു കോടി രൂപയാണ് കോഷൻ ഡെപ്പോസിറ്റായി നൽകാറുള്ളത്. സ്റ്റേഡിയത്തിൽ ഉണ്ടാകുന്ന വാർഷിക നഷ്ടം കണക്കാക്കി ജി.സി.ഡി.എ ഈടാക്കുന്ന തുക ഇതിൽ നിന്നാണ് കുറയ്ക്കുന്നത്. ഇത്തവണ 28 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുടക്കത്തിൽ ഈ തുക നൽകാനാകില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. എന്നാൽ തുടർചർച്ചകൾക്ക് ശേഷം 28 ലക്ഷം രൂപ അടയ്ക്കാൻ ക്ലബ് തയ്യാറായി.
ഇതോടെ കലൂർ സ്റ്റേഡിയം വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി തുടരുമെന്നുറപ്പായി. ആരാധകർക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്.










