ദുബായ്: രണ്ട് മാസത്തെ പരിശീലനത്തിനായി ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എ സി മിലാനിലേക്ക് പോകുന്ന മലയാളി കൗമാര ഫുട്ബോൾ താരം ഐഡാൻ നദീറിന് ആശംസകൾ നേരുന്നതിന് ഫുട്ബോൾ പ്രേമികളും സംഘാടകരും ശനിയാഴ്ച ദുബായിൽ ഒത്തുചേരുന്നു. വൈകീട്ട് 6.30 ന് ദേര അബു ഹെയ്ൽ സ്പോർട്സ് ബേ അമാനയിലാണ് ‘കിക്കിൻ ഓഫ് ടു മിലാൻ’ എന്ന പേരിൽ പരിപാടി നടക്കുന്നത്.യു എ ഇ യിലെ ഫുട്ബോൾ സംഘാടകരും സാംസ്‌കാരിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുമെന്ന് യു എ ഇ യിലെ പ്രമുഖ ഫുട്ബോൾ സംഘാടകനായ സത്താർ മാമ്പ്ര അറിയിച്ചു.ഞായറഴ്ച ഉച്ചക്ക് 1.15 നുള്ള ഖത്തർ എയർ വെയ്‌സിലാണ് ഐഡാനും പിതാവ് നദീറും മിലാനിലേക്ക് പോകുന്നത്.
യു എ ഇ, സൗദി അറേബ്യ,മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ 18 വയസ്സിന് താഴെയുള്ള ഫുട്ബോൾ കളിക്കാർക്കായി നടത്തിയ സ്റ്റാർസ്പ്ലേ റിയാലിറ്റി ഷോ വിജയിച്ച ഏക താരമാണ് ഐഡാൻ നദീർ. ദുബായിലെ അൽ നാസർ ക്ലബ്ബിനു വേണ്ടി കളിക്കുന്ന ഐഡാൻ അണ്ടർ 18, അണ്ടർ 21 യുഎഇ ഫുട്ബോൾ ലീഗുകളിൽ രജിസ്റ്റർ ചെയ്ത കളിക്കാരനാണ്. 12 വയസ്സ് മുതൽ ഈ കൗമാര പ്രതിഭ ക്ലബിന് വേണ്ടി കളിക്കുന്നുണ്ട്.മിലാനിൽ ക്ലബ്ബിന്റെ യൂത്ത് ഹോസ്റ്റലിലായിരിക്കും ഐഡാന്റെ താമസം.
തൃശൂർ ജില്ലയിലെ കൊരട്ടിക്കടുത്ത് ചെറുവാളൂരാണ് നദീറിന്റെ നാട്. ദുബായിൽ മില്ലർനോൾ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് നദീർ.