ദുബായ്: പഠിക്കണമെന്ന ആഗ്രഹം മാത്രം മുൻനിറുത്തിയാണ്, പ്രായത്തെ വകവയ്ക്കാതെ 2024 ൽ തന്റെ 76 ആമത്തെ വയസ്സിൽ രുക്മിണിയമ്മ പത്താം ക്ലാസ്സ് തുല്യതാപരീക്ഷ എഴുതി പാസ്സായത്. പലകാരണങ്ങളാൽ പഠിക്കാൻ കഴിഞ്ഞിട്ടില്ലാത്തവർക്കും പഠനത്തെ പാതിവഴിയിൽ വിടേണ്ടി വന്നവർക്കുമൊക്കെ അന്ന് വലിയ പ്രചോദനമായി മാറിയിരുന്ന രുക്മിണിയമ്മ പത്താംതരം പായസായതോടെ തന്റെ പഠനം നിർത്തിയിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഇപ്പോൾ. കേരള സംസ്ഥാന സാക്ഷരതാ മിഷനും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഹയർ സെക്കൻഡറി പഠനപദ്ധതിയിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിവരുന്ന ക്ലാസിലെ ഒന്നാം വർഷ പഠിതാവായി ചേർന്നിരിക്കുന്ന ശ്രിമതി രുഗ്മിണിയെ മലയാളം മിഷൻ ദുബായ് ചാപ്റ്ററിനുവേണ്ടി ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ അനുമോദിച്ചു. അവസരം കിട്ടുന്നിടത്തെല്ലാം തന്റെ പഠനത്തേക്കുറിച്ചും വിജയത്തെക്കുറിച്ചും പറഞ്ഞുകൊണ്ട് തന്റെ ശ്രമങ്ങൾ ഫലം കാണുന്നത് മറ്റുള്ളവർക്കുകൂടി പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്ന ആളുകൂടിയാണ് കുടുംബശ്രീ പ്രവർത്തക കൂടിയായ രുക്മിണിയമ്മ. പത്താംതരം പഠനം നടക്കുന്നതിനിടെ, മകനെ സന്ദർശിക്കാൻ ദുബായിലെത്തിയപ്പോൾ മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ അവസരത്തിലും പഠിക്കാനുള്ള തന്റെ നിലയ്ക്കാത്ത ആഗ്രഹത്തേക്കുറിച്ച് വിജയം നേടുമെന്ന നിശ്ചയദാർട്യതോടെയാണ് രുക്മിണിയമ്മ സംസാരിച്ചിരുന്നത്. അന്നുവരെ എഴുതിയിരുന്ന കവിതകൾ ചേർത്തു പ്രസിദ്ധീകരിച്ച സമാഹാരത്തിൽ നിന്നുള്ള കവിതകളും കുട്ടികൾക്കായി പങ്കുവച്ചിരുന്നു. തന്റെ പതിനാലാമത്തെ വയസ്സിൽ വിവാഹം കഴിയുന്നതോടെയാണ് ജീവിത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രുക്മിണിയമ്മയുടെ പഠനം നിലച്ചുപോയത്. എന്നാൽ പുസ്തകങ്ങളും വായനയും എക്കാലവും കൈവിടാതെ തന്നോട് ചേർത്തുവച്ചു. വര്ഷങ്ങൾക്കുശേഷം, തന്റെ 52 ആമത്തെ വയസ്സിൽ കുടുംബശ്രീ പ്രവർത്തകയായതോടെയാണ്
വായനയ്ക്കൊപ്പം എഴുത്തുകൂടി കടന്നുവരുന്നത്. പഠിക്കാൻ പ്രായം ഒരു തടസ്സമല്ല, ആഗ്രഹം മാത്രം മതി എന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ചുകൊണ്ട് രുഗ്മിണി അമ്മ വീണ്ടും ഒരുപാട് പേർക്ക് പ്രചോദനമാവുകയാണ്. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ അനുമോദനച്ചടങ്ങിൽ തുല്യതാ അധ്യാപകനായ ഷിജോ വർഗീസ്, സെന്റർ കോർഡിനേറ്റർമാരായ ജിഷ പി, രജനി എംപി എന്നിവരും 60 സഹപാഠികളും പങ്കെടുത്തു