ഷാർജ :സാമൂഹിക മാധ്യമങ്ങൾ അരങ്ങുവാഴുന്ന ലോകത്ത് പുതിയ വിവരങ്ങൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നുവെന്നതാണ് പ്രത്യേകത.എന്നാൽ ഇത്തരം വിവരങ്ങൾ കുട്ടികൾക്ക് എത്രമാത്രം താങ്ങാൻ സാധിക്കുമെന്നത് ചർച്ച ചെയ്യേണ്ടതാണെന്ന് ഷാർജയിലെ കുട്ടികളുടെ വായനോത്സവത്തിൽ അമേരിക്കയിലെ കിഡ്സ്-കോമിക്സ് യൂണിറ്റ് ലിറ്റററി ഏജന്റ് ജെന്ന മോറിഷിമ പറഞ്ഞു.‘ഗ്രാഫിക് നോവൽ തട്ടും തടവുമില്ലാതെ വായിക്കാം’ എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദം നയിക്കുകയായിരുന്നു അവർ.
വിവരശേഖരങ്ങളുടെ അമിതഭാരമുണ്ടാകുമ്പോൾ തലച്ചോറിന് വിശ്രമംകൂടി ആവശ്യമാണ്. വിശ്രമമില്ലാത്ത തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യത്തെയാണ് ബാധിക്കുന്നതെന്നും അവർ ഓർമ്മിപ്പിച്ചു.മനുഷ്യന്റെ തലച്ചോറിന്റെ രണ്ടുഭാഗങ്ങളിൽ ഒരുഭാഗം അർഥങ്ങളും ആഖ്യാനങ്ങളും സൂക്ഷിക്കുമ്പോൾ മറുഭാഗം സർഗാത്മകതകൂടി പ്രദാനംചെയ്യുന്നു.അവയിലാണ് കലയും ഭാവനയുമെല്ലാം സൃഷ്ടിക്കപ്പെടുന്നത്. ഗ്രാഫിക് നോവലുകൾ കൂടുതൽ ശ്രദ്ധയും ഭാവനാശേഷിയും വർധിപ്പിക്കുമെന്നും ജെന്ന മോറിഷിമ അഭിപ്രായപ്പെട്ടു.