ഷാർജ: എണ്ണച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ഖോർഫക്കാൻ ബീച്ചിൽ നീന്തൽ താൽക്കാലികമായി നിരോധിച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് അൽ സുബാറ ബീച്ചിൽ നീന്തൽ നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ഖോർഫക്കാൻ നഗരസഭ അറിയിച്ചു. ചോർച്ചക്ക് പിന്നിലെ കാരണം വ്യക്തമല്ല. 2020 ൽ ഖോർഫക്കാനിലെ അൽ ലുലയ്യ, അൽ സുബാറ ബീച്ചുകളിൽ എണ്ണച്ചോർച്ച കണ്ടെത്തിയിരുന്നു.പിന്നീട് പോലീസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മറ്റ് ഏജൻസികളുടെയും സഹകരണത്തോടെ അത് നിയന്ത്രണ വിധേയമാക്കി.എണ്ണച്ചോർച്ച സമുദ്ര ആവാസവ്യവസ്ഥക്ക് കനത്ത ആഘാതമേല്പിക്കുമെന്നും എണ്ണച്ചോർച്ച ശ്രദ്ധയിൽ പെടുന്ന സന്ദർശകർ ഉടൻ തന്നെ അക്കാര്യം മുനിസിപ്പാലിറ്റിയെയോ നഗരത്തിലെ പരിസ്ഥിതി അധികാരികളെയോ അറിയിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു.