ദുബൈ: മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി യു.എ.ഇയിലെത്തിയ പ്രമുഖ വ്യവസായിയും സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ-മാധ്യമ-വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവുമായ കെ സൈനുല്‍ ആബിദീന് ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ കെ.എം.സി.സി നേതാക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും വിവിധ മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ ഉജ്വല സ്വീകരണം നൽകി.ഷാർജ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി
മുജീബ് തൃക്കണാപുരം, സംസ്ഥാന ട്രഷറർഅബ്ദുറഹ്മാൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ്, അജ്‌മാൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് ബുസ്താൻ, സംസ്ഥാന സെക്രട്ടറി ഹാഷിം മാടായി, ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി റഹ്‌ദാദ് മൂഴിക്കര, ഷാർജ-കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സി.കെ കുഞ്ഞബ്ദുള്ള, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് സി.കെ കുഞ്ഞബ്ദുള്ള, മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് വെട്ടം, ദുബൈ-തലശ്ശരി മണ്ഡലം പ്രസിഡന്റ് സിറാജ് കെ.എസ്.എ, കൂത്തുപറമ്പമണ്ഡലം എസ്.ടി.ഐ.എം.എസ് ദുബൈ ചാപ്റ്റർ നേതാവ് സലിം കുറുങ്ങോട്ട്, പെരിങ്ങത്തൂർ കൂട്ടായ്മക്ക് വേണ്ടി എഞ്ചി.കൂടത്തിൽ സിറാജ് (ദീവ), ടി.പി അബ്ദുറഹീം (എക്സ്പോ കമ്പനി എം.ഡി), ആർക്കിടെക്ട് ഡോ. സുലൈമാൻ വയലത്ത്, ഐ.എം ജാഫർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദുബൈ എയർപോർട്ടിൽ സ്വീകരിച്ചത്. കൂടാതെ, പാനൂർ മുനിസിപ്പൽ കെ.എം.സി.സിയുടെതും പെരിങ്ങത്തൂർ മഹല്ല് കൂടായ്മയുടെതും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ദുബൈ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നത്.ബൊക്കെ നൽകി നേതാക്കൾ അദ്ദേഹത്തെ സ്നേഹാദരപൂർവം സ്വീകരിച്ചു. കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളുടെയും, ജന്മനാടായ പെരിങ്ങത്തൂർ മഹല്ല് കമ്മിറ്റിയുടെയും സാംസ്കാരിക-സംഘടനാ രംഗത്തെ മറ്റു പ്രമുഖരുടെയും നേതൃത്വത്തിൽ നൽകിയ ഈ സ്നേഹ സ്വീകരണം ഏറെ വിലമതിക്കുന്നുവെന്നും, മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായുള്ള പുതിയ ദൗത്യം വളരെ ഉത്തരവാദിത്തപൂർവം നിർവഹിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകളർപ്പിച്ച വ്യക്തിത്വമാണ് സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയരക്ടറായ കെ.സൈനുൽ ആബിദീൻ.
കഴിഞ്ഞ നാലര പതിറ്റാണ്ടായി ഖത്തറിലും യു.എ.ഇയിലും വാണിജ്യ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സൈനുല്‍ ആബിദീനിൽ വളരെ യാദൃച്ഛി കമായാണ് ഈ പദവി വന്നു ചേർന്നത്. വിദ്യാര്‍ത്ഥി കാലഘട്ടം മുതലുള്ള മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് സൈനുൽ ആബിദീൻ. 1978 മുതല്‍ സംഘടനാ രംഗത്ത് പ്രവാസ ലോകത്തും നാട്ടിലുമായി അദ്ദേഹം പ്രവർത്തിച്ചു വരുന്നു.
പ്രവാസ ലോകത്ത് കൂടുതല്‍ ഏകോപിതമായി സംഘടനക്കും സമൂഹത്തിനും സമുദായത്തിനും ഗുണകരമാകുന്ന രീതിയില്‍ പ്രവർത്തിക്കാനുള്ള പ്ലാനിന്റെ ഭാഗം കൂടിയാണ് ഈ ചുമതലയെന്ന് കഴിഞ്ഞ ദിവസം ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ അദ്ദേഹം പറഞ്ഞിരുന്നു.ആയിരത്തോളം വരുന്ന ദേശീയ മെംബർമാർ തന്നെ ഈ ചുമതലയിലേക്ക് തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും; നിരവധി വിഷയങ്ങളില്‍ നേരത്തെ തന്നെ ഇടപെടാറുണ്ടങ്കിലും ഇനിയും പരിഹരിക്കാത്ത പ്രവാസികളുടെ വിമാന യാത്രാ നിരക്കിന്റെ കാര്യത്തിലും, പ്രവാസികളുടെ വോട്ടവകാശത്തിലും മറ്റു വിഷയങ്ങളിലും ഇടപെടാനുള്ള അവസരം കൂടിയായാണ് തീര്‍ച്ചയായും ഈ ചുമതലയെ താൻ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
